കണ്ണൂർ : ജില്ലയിലെ സിപിഎം-സിപിഐ പോര് തെരുവിലേക്ക്. പൊലീസ് കള്ളക്കേസ് എടുക്കുന്നുവെന്നാരോപിച്ച് തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലേക്ക് സിപിഐ പ്രവർത്തകർ മാർച്ച് സംഘടിപ്പിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മണ്ഡലത്തിൽ പൊലീസിനെ ഉപയോഗിച്ച് പ്രവർത്തകരെ വേട്ടയാടുന്നതായി സിപിഐ നേതാക്കൾ ആരോപിച്ചു.
സിപിഎം തളിപ്പറമ്പ് ഏരിയ കമ്മിറ്റി അംഗമായിരുന്ന കോമത്ത് മുരളീധരനും അനുയായികളും 2021-ൽ സിപിഐയിലേക്ക് ചേക്കേറിയതോടെയാണ് മാന്തംകുണ്ട്, കീഴറ്റൂർ ഭാഗങ്ങളിൽ സിപിഎം - സിപിഐ ഭിന്നത പരസ്യമാകുന്നത്. കൊടിമരത്തിന്‍റെയും പ്രകടനത്തിന്‍റെയും എല്ലാം പേരിൽ പലപ്പോഴായി പോര് വാർത്തകളിൽ നിറഞ്ഞു. ഏറ്റവും ഒടുവിൽ നവ കേരള സദസിന്‍റെ ഭാഗമായി എല്ലാ സ്ഥലങ്ങളിലും എൽഡിഎഫ് നടത്തുന്ന കുടുംബ സംഗമങ്ങളും ഇരുവരും വേറെ വേറെ നടത്തുന്ന സാഹചര്യം പോലും ഉണ്ടായി. തളിപ്പറമ്പ് നോർത്ത് ലോക്കലിൽ ഉൾപ്പെടുന്ന പ്രദേശങ്ങളാണിത്.
ഏറ്റവും ഒടുവിൽ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മണ്ഡലത്തിൽ സിപിഐ പ്രവർത്തകർക്കെതിരെ പൊലീസ് കള്ളക്കേസ് എടുക്കുന്നുവെന്നാരോപിച്ചാണ് തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലേക്ക് സിപിഐ പ്രവർത്തകർ മാർച്ച് നടത്തിയത്. നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്ത മാർച്ച് സ്റ്റേഷന് മുന്നിൽവച്ച് പൊലീസ് തടഞ്ഞു.
സിപിഐ സംസ്ഥാന കൗൺസിൽ അംഗം സിപി ഷൈജൻ മാർച്ച് ഉദ്ഘാടനം ചെയ്‌തു. സിപിഎമ്മിനെതിരെ അതിരൂക്ഷ വിമർശനമാണ് ഷൈജൻ നടത്തിയത്. സിപിഐ ഇല്ലാതെ ഒരു കാലത്തും എൽഡിഎഫിന് അധികാരത്തിൽ കയറാൻ കഴിഞ്ഞിട്ടില്ലെന്നും, സിപിഎം നേതാക്കളുടെ തിട്ടൂരം വാങ്ങിയാണ് പൊലീസ് പ്രവർത്തിക്കുന്നതെന്നും ഷൈജൻ ആരോപിച്ചു (CPI State Council Member CP Shijan). തങ്ങളുടെ പ്രവർത്തകരെ ആക്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് പകരം വാദിയെ പ്രതിയാക്കിയെന്നും സിപിഐ ആരോപിക്കുന്നു.
ഒക്ടോബർ 18-ന് മാന്തംകുണ്ടിൽ സിപിഐ നടത്തിയ കുടുംബസംഗമവും സിപിഎം പ്രവർത്തകർ അലങ്കോലപ്പെടുത്തിയിരുന്നു. കീഴാറ്റൂരിൽ നടന്ന സിപിഎം കുടുംബ സംഗമം പാർട്ടി സംസ്ഥാന സെക്രട്ടറി കൂടിയായ എം.വി ഗോവിന്ദൻ എംഎൽഎയാണ് ഉദ്ഘാടനം ചെയ്‌തത്. ഇപ്പോൾ സിപിഐ ജില്ല കൗൺസിൽ അംഗമാണ് കെ മുരളീധരൻ. പാർലമെന്‍റ് തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ മണ്ഡലത്തിലെ സിപിഐ- സിപിഎം പോര് (CPM-CPI Conflict Kannur) പരിഹരിക്കാൻ കഴിയാത്തത് എൽഡിഎഫിന് വൻ തിരിച്ചടിയാണ്.