കണ്ണൂർ: കെ.എം ഷാജി എംഎല്‍എയുടെ വീട് മണിമാളികയാണെന്നും കെട്ടിടനികുതിയും ആഢംബര നികുതിയും അടച്ചിട്ടില്ലെന്നും ആരോപിച്ച് എൽ.ഡി.എഫ്. നാല് വർഷമായി ഷാജി നികുതി വെട്ടിപ്പും തുടർച്ചയായി നിയമ ലംഘനം നടത്തുകയാണെന്നും ലീഗ് നേതൃത്വം ഇതിന് മറുപടി പറയണമെന്നും എം.വി ജയരാജൻ ആവശ്യപ്പെട്ടു. 8.60 ലക്ഷം രൂപയുടെ വായ്പയെടുത്തിട്ട് നിർമിച്ചത് നാല് കോടിയോളം രൂപയുടെ വീടാണെന്നും ആരോപണം.
കണ്ണൂരിലും കോഴിക്കോടും വീട് സ്വന്തമാക്കിയത് വരവിൽ കവിഞ്ഞ സ്വത്ത് ഉപയോഗിച്ചെന്നും എൽ.ഡി.എഫ് കണ്ണൂർ ജില്ലാ കമ്മിറ്റി ആരോപിച്ചു. കെ.എം ഷാജി എം.എൽ.എ അഴിമതിയും നികുതി വെട്ടിപ്പും അവിഹിത സ്വത്ത് സമ്പാദനവും നടത്തിയെന്ന് ആരോപിച്ച് എൽ.ഡി.എഫിന്‍റെ നേതൃത്വത്തിൽ ഒക്ടോബർ 30 ന് കണ്ണൂർ ജില്ലയിലെ 180 കേന്ദ്രങ്ങളിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും.
അഴിമതിയും വര്‍ഗീയതയും കാണിച്ച് വോട്ട് നേടിയാണ് 2016 ലെ തെരഞ്ഞെടുപ്പില്‍ ജയിച്ചതെന്ന് ഹൈക്കോടതി കണ്ടെത്തുകയും തെരഞ്ഞെടുപ്പ് അസാധുവാക്കുകയും ചെയ്തതാണ്. ഇപ്പോള്‍ സ്റ്റേയില്‍ തുടരുന്ന പാതി എം.എല്‍.എയാണ് ഷാജി. പ്ലസ് ടു കോഴക്കേസ് അന്വേഷണ ഘട്ടത്തിലാണ് സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് അന്വേഷണത്തില്‍ അവിഹിത സ്വത്ത് സമ്പാദനവും ഗുരുതരമായ ചട്ടലംഘനവും കണ്ടെത്തിയത്.
2011ല്‍ കോഴിക്കോട് വേങ്ങേരിയിലും 2012ല്‍ കണ്ണൂര്‍ ചിറക്കലിലെ മണലിലും ഭൂമിയും വീടും വാങ്ങുകയും പണിയുകയും ചെയ്തു. ഇത് രണ്ടും കണക്കിലെടുത്താല്‍ ഏകദേശം അഞ്ച് കോടിയോളം രൂപയുടെ സ്വത്ത് ഷാജിക്കുണ്ട്. ജനപ്രതിനിധി ആകുന്നതിന് മുമ്പ് വിവിധ സമയങ്ങളില്‍ നല്‍കിയ സത്യവാങ്മൂലങ്ങളിലെ സ്വത്തും എം.എല്‍.എ എന്ന നിലയിലുള്ള വരുമാനവും കണക്കിലെടുത്താല്‍ അവിഹിതമായ മാര്‍ഗത്തിലൂടെ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്ന് വ്യക്തമെന്നും എൽഡിഎഫ് നേതാക്കൾ ആരോപിച്ചു.