കണ്ണൂർ : സംസ്ഥാനങ്ങളിലെ സാഹചര്യങ്ങൾ വ്യത്യസ്‌തമാണെങ്കിലും ബിജെപിയേയും ആർഎസ്എസിനേയും നേരിടുക എന്നത് മാത്രമാണ് സിപിഎമ്മിൻ്റെ പ്രഥമ ലക്ഷ്യമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരായ വോട്ട് ഏകീകരിക്കുകയാണ് ലക്ഷ്യമെന്നും അതിനുവേണ്ടി ആരുമായും സഹകരിക്കാൻ തയാറാണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.
തെരഞ്ഞെടുപ്പിന് ശേഷമാണ് മറ്റ് കാര്യങ്ങൾ തീരുമാനിക്കുക. ഒരിക്കൽ നയപരമായ തീരുമാനമെടുത്താൽ അതിൽ നിന്ന് പിന്മാറില്ല. സിഎഎ പ്രതിഷേധ മാതൃകയിൽ ബിജെപിക്കെതിരെ കൂട്ടായ്മകൾ വളർത്തിയെടുക്കാനും സിപിഎം ആലോചിക്കുന്നുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു.
ALSO READ:കോൺഗ്രസ് വിലക്ക് വിചിത്രം, കെ.വി തോമസിന്‍റെ തീരുമാനം സ്വാഗതാർഹം : ബൃന്ദ കാരാട്ട്
ബിജെപിക്കെതിരെ രാജ്യം ഒന്നിക്കണം : പാർട്ടി എന്നതിനപ്പുറം കൂട്ടായ്‌മകൾ ഉണ്ടാവുന്നുണ്ടെന്നും സിഎഎ വിഷയത്തിൽ രാജ്യം അത് കണ്ടതാണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. രാജ്യം ഒരു വെല്ലുവിളി നേരിടുമ്പോൾ ജനങ്ങൾ ഒന്നിക്കേണ്ടത് ആവശ്യമാണ്. സമാന ചിന്താഗതിയുള്ള രാഷ്ട്രീയ പാർട്ടികളെ മാത്രമല്ല, വിവിധ സാമൂഹ്യ വിഭാഗങ്ങളെ കൂടി ചേർത്ത് നിർത്തിയാവും ബിജെപിക്കെതിരെയുള്ള പോരാട്ടമെന്ന് അവർ വ്യക്തമാക്കി.
കേരളം മാതൃക : കേരളത്തിലെ വികസന പദ്ധതികൾ മറ്റ് സംസ്ഥാനങ്ങൾക്കും മാതൃകപരമാണ്. അത്തരം കാര്യങ്ങളാണ് ജനങ്ങളിൽ എത്തിക്കുന്നത്. കേരള സർക്കാർ മോഡലാണ്. തെരഞ്ഞെടുപ്പിനപ്പുറം ജനങ്ങൾ ഇപ്പോൾ നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണുക എന്നതാണ് സിപിഎം ലക്ഷ്യംവയ്ക്കുന്നത്.
കെ-റെയിലിൽ ബൃന്ദ കാരാട്ട് : ജനകീയ അടിത്തറ വർധിപ്പിക്കുകയാണ് ആദ്യം ചെയ്യുന്നത്. കെ-റെയിലിൽ അഭിപ്രായ ഭിന്നതകൾ ഇല്ല. വികസന കാര്യത്തിൽ കേന്ദ്രത്തിനും കേരളത്തിനും ഒരേ നിലപാടാണ്. കെ-റെയിലിൽ ജനങ്ങളുടെ വികാരം കണക്കിലെടുത്ത് എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കും. എല്ലാവരുടേയും അഭിപ്രായങ്ങൾ കേൾക്കാൻ തയാറാണെന്നും ബൃന്ദ കാരാട്ട് കണ്ണൂരിൽ പറഞ്ഞു.