കണ്ണൂർ: സിപിഎം പ്രവർത്തകരുടെ തുടർച്ചയായ ആക്രമണത്തിൽ പ്രതിഷേധവുമായി ചെങ്ങറ കോളനി നിവാസികൾ. കലക്‌ടറേറ്റിന് മുന്നിലാണ് ഇവർ അനിശ്ചിതകാല സത്യഗ്രഹം നടത്തുന്നത്. വ്യാജ വാറ്റിനെതിരെ പരാതി കൊടുത്തതിന്‍റെ വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് ഇവർ പറയുന്നു. പൊലീസിൽ പരാതി നൽകിയിട്ടും യാതൊരു നടപടിയുമുണ്ടായില്ലെന്നും പരിഹാരമായില്ലെങ്കിൽ കലക്‌ടറേറ്റിന് മുന്നിൽ ആത്മഹത്യ ചെയ്യുമെന്നും പ്രതിഷേധക്കാർ പറഞ്ഞു.
പത്തനംതിട്ടയിലെ ചെങ്ങറയിൽ എട്ട് വർഷത്തോളം ഭൂസമരത്തിൽ പങ്കെടുത്തതിന് പിന്നാലെ കണ്ണൂർ നടുവിൽ സർക്കാർ അനുവദിച്ച സ്ഥലത്താണ് പത്തോളം കുടുംബങ്ങൾ താമസിക്കുന്നത്. സത്യാഗ്രഹം ആരംഭിച്ചതിന് പിന്നാലെ സമരത്തിന് മുന്നിൽ നിൽക്കുന്ന കൃഷ്‌ണൻ കുട്ടിയുടെ ഓട്ടോ അക്രമികൾ തീ വച്ചു നശിപ്പിച്ചു. സഹായവുമായി എത്തിയ വെൽഫെയർ പാർട്ടി പ്രവർത്തകരെ കഴിഞ്ഞ ദിവസം ഈ സംഘം ആക്രമിച്ചിരുന്നു.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നവരെ യാതൊരു കാരണവുമില്ലാതെ ആക്രമിക്കുന്നു എന്നാണ് പരാതി. കോളനിയിലെ തന്നെ രണ്ട് കുടുംബങ്ങളുടെ സഹായത്തോടെയാണ് ആക്രമണമെന്നും വ്യാജവാറ്റുമായി ബന്ധപ്പെട്ട് പരാതി നൽകിയതിനെ തുടർന്ന് എക്സൈസ് റെയ്‌ഡ് അടക്കം നടന്നുവെങ്കിലും തുടർ നടപടികളുണ്ടായില്ലെന്നും കോളനി നിവാസികൾ പറഞ്ഞു.
കോളനിയിലേക്ക് മടങ്ങി ചെന്നാൽ കൊലപ്പെടുത്തുമെന്നും ഭീഷണിയുണ്ട്. കോളനിയിലെ മനുഷ്യാവകാശ ലംഘനം അവസാനിപ്പിക്കുക, കോളനി പരിസരത്ത് മുഴുവൻ സമയ പൊലീസ് പിക്കറ്റ് ഏർപ്പെടുത്തുക, ഗുണ്ടാ പ്രവർത്തനം നടത്തുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സത്യഗ്രഹം നടത്തുന്നത്.