കണ്ണൂർ: ജില്ലയിലെ ബോംബ് നിർമാണത്തെ കുറിച്ച് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ഡി.സി.സി പ്രസിഡന്‍റ് സതീശൻ പാച്ചേനി ആവശ്യപ്പെട്ടു. പൊന്ന്യത്തെ ബോംബ് നിർമാണം സി.പി.എം ജില്ലാ നേതൃത്വത്തിന്‍റെ അറിവില്ലാതെ നടക്കില്ലെന്നും ബോംബ് നിർമാണ കേന്ദ്രങ്ങളിലേക്കും ഒളിത്താവളങ്ങളിലേക്കും ജനകീയ മാർച്ച് സംഘടിപ്പിക്കുമെന്നും സതീശൻ പാച്ചേനി പറഞ്ഞു.
മട്ടന്നൂരിലെ സ്ഫോടനത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പറയുന്നതിൽ വൈരുധ്യമുണ്ട്. ബി.ജെ.പി പ്രവർത്തകന്‍റെ സാന്നിധ്യവും ദുരൂഹമാണ്. കോൺഗ്രസ് ഓഫീസുകൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ ഒരു അന്വേഷണവും നടക്കുന്നില്ല. കണ്ണൂരിൽ സി.പി.എമ്മിന്‍റെ അജണ്ടയാണ് പൊലീസ് നടപ്പാക്കുന്നതെന്നും സതീശന്‍ പാച്ചേനി ആരോപിച്ചു.