കണ്ണൂർ: ജില്ലയിലെ കൊവിഡ് കണ്ടൈൻമെൻ്റ് സോണിലെ കർശന നിയന്ത്രണങ്ങൾക്കെതിരെ കോൺഗ്രസ് രംഗത്ത്. നിയമപരമായ ഇളവുകൾ ലഭിക്കണമെന്നാവശ്യപ്പെട്ട് കെ സുധാകരൻ്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. കൊവിഡ് കണ്ടൈൻമെൻ്റ് സോണിൻ്റെ പേരിൽ പൊലീസ് ജനങ്ങളെ ദ്രോഹിക്കുന്നുവെന്ന പരാതി വ്യാപകമായ സാഹചര്യത്തിലാണ് ചർച്ച നടത്തിയത്.
രോഗികൾ, ആരോഗ്യപ്രവർത്തകർ, മാധ്യമ പ്രവർത്തകർ തുടങ്ങി യാത്രാ ഇളവുകൾ ഉള്ളവരാണ് പരാതി ഉന്നയിച്ചത്. ഇതിനു പുറമേ ബാങ്ക് ജീവനക്കാർ, വോളണ്ടിയർമാർ, കോടതി ജീവനക്കാർ തുടങ്ങിയവരേയും പൊലീസ് തടഞ്ഞുവച്ച പരാതികളുണ്ട്. പലയിടത്തും മാനദണ്ഡങ്ങൾ ഇല്ലാതെ റോഡുകൾ അടച്ചു. സാധ്യമായ ഇളവുകൾ നൽകാമെന്ന് ഐജി അറിയിച്ചതായി ചർച്ചക്കുശേഷം കെ സുധാകരൻ എംപി പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങൾ, റവന്യു, ആരോഗ്യം എന്നീ വകുപ്പ് പ്രതിനിധികളുമായി ചർച്ച നടത്തിയതിനു ശേഷമേ കണ്ടൈൻമെൻ്റ് സോണുകളിൽ നിയന്ത്രണം ഏർപ്പെടുത്തൂവെന്ന് ഐജി അറിയിച്ചതായും നേതാക്കൾ പറഞ്ഞു. എംഎൽഎമാരായ കെസി ജോസഫ്, അഡ്വ സണ്ണി ജോസഫ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.