കണ്ണൂർ: തളിപ്പറമ്പ് ദേശീയപാതയോരത്ത് നിര്‍ത്തിയിട്ട കണ്ടെയ്‌നര്‍ ലോറിയുടെ ടയറുകള്‍ മോഷണം പോയി. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്ന് കോഴിക്കോട്ടേക്ക് പൈപ്പുമായി പോകുകയായിരുന്ന ലോറിയുടെ ആറ് ടയറുകളാണ് മോഷണം പോയത്. ഡ്രൈവര്‍ രജ്‌വീര്‍ സിംഗിന്‍റെ പരാതിയില്‍ തളിപ്പറമ്പ് പൊലീസ് കേസെടുത്തു. ജാക്കിയുപയോഗിച്ച് പൊക്കിയ ലോറി കരിങ്കല്ലിൽ ഉറപ്പിച്ചു നിര്‍ത്തിയാണ് ടയര്‍ അഴിച്ച് മാറ്റിയത്.
ലോറി നിര്‍ത്തിയിട്ട് ഡ്രൈവര്‍ ഉറങ്ങിയ സമയത്താണ് മോഷണം നടന്നത്. ഒരു ടയറിനും അനുബന്ധ സാധനങ്ങള്‍ക്കുമായി 25,000 രൂപ വില വരും. ആകെ ഒന്നര ലക്ഷം രൂപയാണ് ടയര്‍ മോഷണത്തിലൂടെ നഷ്ടമായതെന്നും ഡ്രൈവർ രജ്‌വീര്‍ സിംഗ് പറഞ്ഞു. തളിപ്പറമ്പ് സിഐ എന്‍.കെ.സത്യനാഥന്റെ നേത്യത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.