കണ്ണൂർ: നാണയവട്ട വലിപ്പത്തിൽ ചിത്രങ്ങൾ വരച്ച് ആതിര രാജീവൻ നേടിയെടുത്തത് ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്‌സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സിലും ഇടമാണ്. ഒരു രൂപ നാണയത്തിന്‍റെ വലിപ്പത്തിൽ എ3 പേപ്പറിൽ 165 പ്രമുഖരുടെ ചിത്രങ്ങളാണ് ഈ അഴീക്കോടുകാരി വരച്ചത്. അതും വെറും എട്ട് മിനിട്ടുകൾ കൊണ്ട്. രാഷ്ട്രീയം, കല- സാംസ്‌കാരികം, കായികം തുടങ്ങി വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചവരുടെ ചിത്രങ്ങളാണ് ആതിര വരച്ചത്.
Also Read:കൊവിഡാനന്തരം കുട്ടികള്‍ക്കായി ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കണമെന്ന് കൈലാഷ് സത്യാര്‍ത്ഥി
അമ്മ മംഗളയാണ് ലോക്ക്ഡൗൺ സമയത്ത് ഇത്തരം ഒരാശയം ആതിരയ്ക്ക് മുമ്പിൽ അവതരിപ്പിച്ചത്. അച്ഛൻ രാജീവനും സഹോദരനും പൂർണ പിന്തുണയുമായി ഒപ്പം നിന്നു. അതോടെ ആതിര പെൻസിലും പേപ്പറുമെടുത്ത് ഇരുന്നു. അങ്ങനെ റെക്കോർഡുകൾ കൂടെ പോന്നു. പോര്‍ട്രെയ്റ്റുകളോടാണ് ആതിരയ്‌ക്ക് ഇഷ്ടക്കൂടുതൽ. സിനിമാതാരം നിവിൻ പോളി, അസിഫലി, യതീഷ് ചന്ദ്ര ഐപിഎസ്, പികെ ശ്രീമതി തുടങ്ങി ഒട്ടേറെ പ്രമുഖർക്ക് ചിത്രം വരച്ചുനൽകിയിട്ടുണ്ട്. ആതിര വരച്ചുകൂട്ടിയ ചിത്രങ്ങൾ ഒരായിരം നാണയ വൃത്തത്തിലും ഒതുങ്ങുന്നവയല്ല.