കണ്ണൂർ : സുപ്രീം കോടതിയുടെ പരിസ്ഥിതി ലോല വ്യവസ്ഥകൾക്കെതിരെ കേരളം നിയമപോരാട്ടത്തിന്. വനാതിർത്തിയിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലം പരിസ്ഥിതി ലോല പ്രദേശമാക്കരുതെന്നാണ് കേരളത്തിന്‍റെ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിലെ ഒരു വിഭാഗം ജനങ്ങൾക്ക് ഇതില്‍ കടുത്ത ആശങ്കയുണ്ട്.
ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുന്നതിനാണ് മുൻഗണന. ഇക്കാര്യത്തിൽ അനുകൂല നിലപാടിനായി കേന്ദ്രത്തെ സമീപിക്കും. സർക്കാർ ഇതിനായി നേരത്തെ തന്നെ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്. സുപ്രീം കോടതിയുടെ വനവത്‌കരണ അനുകൂല തീരുമാനത്തെ സർക്കാർ അനുകൂലിക്കുന്നുണ്ട്. പരിസ്ഥിതി ലോല പ്രദേശം സംബന്ധിച്ച സുപ്രീം കോടതി വിധിക്കെതിരെ നിയമ പോരാട്ടം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പരിസ്ഥിതി ദിനാചരണത്തിന് സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ വീതിയിൽ പരിസ്ഥിതി ലോല മേഖല(ഇഎസ്‌സെഡ്) നിർബന്ധമാക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവ്. ഉത്തരവ് നടപ്പിലായാൽ കേരളത്തിലെ ഒട്ടേറെ ജനവാസ മേഖലകളെ ഇത് ബാധിക്കും.
ജനവാസ കേന്ദ്രങ്ങളിൽ പൂജ്യവും മറ്റ് പ്രദേശങ്ങളിൽ ഒരു കിലോമീറ്റർ വരെ മാത്രവുമായി ഇഎസ്‌സെഡ് നിശ്ചയിക്കണമെന്ന കേരളത്തിന്‍റെ ശുപാർശ കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്‍റെ പരിഗണനയിലിരിക്കെയാണ് കോടതി വിധി.