കണ്ണൂർ: മുസ്ലീം വിഭാഗത്തെ രണ്ടാം തരം പൗരൻമാരാക്കാൻ ലക്ഷ്യം വയ്ക്കുന്നതാണ് പൗരത്വ ഭേദഗതി നിയമമെന്ന് ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി കെ.ടി ജലീൽ. സിഎഎയും എൻആര്‍സിയും ഭരണഘടന വിഭാവനം ചെയ്യുന്ന പൗരത്വത്തിനും ദേശീയതക്കും എതിരാണ്. പൗരത്വ നിയമവും പൗരത്വ പട്ടികയും ധൃതി പിടിച്ച് അടിച്ചേൽപ്പിക്കുന്നത് രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണെന്നും കെ.ടി ജലീല്‍ പറഞ്ഞു. ചരിത്ര കോൺഗ്രസിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ഒരു വിഭാഗത്തെ വേർതിരിച്ച് ഒറ്റപ്പെടുത്തുന്ന നിയമത്തിനെതിരെ പ്രതിഷേധിക്കണം. പൗരത്വ ഭേദഗതി നിയമം മുസ്ലിങ്ങളെ വേർതിരിച്ച് നിർത്തുകയാണ്. പ്രധാന മന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും പാകിസ്ഥാനിൽ പീഡനത്തിന് ഇരയായാക്കുന്ന അഹമദീയ സമൂഹത്തെ എങ്ങനെ മറന്ന് പോയെന്നും മന്ത്രി ജലീൽ ചോദിച്ചു.