കണ്ണൂർ: ഇത്തവണത്തെ ക്രിസ്മസ് ന്യൂ ഇയർ ബംബറിന്റെ 12 കോടി ഭാഗ്യം കടാക്ഷിച്ചത് കണ്ണൂർ കൂത്തുപറമ്പ് തോലമ്പ്ര കുറിച്യമല കോളനി സ്വദേശി പി. രാജനെയാണ്. തിങ്കാളാഴ്‌ച നറുക്കെടുത്ത എസ്‌ടി 269609 ടിക്കറ്റിലാണ് കൂലിപ്പണിക്കാരനായ രാജനെ ഭാഗ്യം തേടിയെത്തിയത്. സമ്മാനാർഹമായ ടിക്കറ്റ് കണ്ണൂർ കേരളാ ബാങ്കിൽ ഏൽപ്പിച്ചു.
10 ദിവസം മുമ്പാണ് കൂത്തുപറമ്പിൽ നിന്നും രാജൻ ടിക്കറ്റെടുത്തത്. ഭാര്യയും മൂന്ന് മക്കളും അടങ്ങുന്നതാണ് രാജന്‍റെ കുടുംബം. കൂലിപ്പണിയെടുത്താണ് രാജൻ മക്കളെ പോറ്റുന്നത്. മൂത്തമകളുടെ കല്യാണ ആവശ്യത്തിനായി ബാങ്കിൽ നിന്നും എടുത്ത കടം വീട്ടാനായി പോകുംവഴിയാണ് രാജൻ കൂത്തുപറമ്പിൽ നിന്നും ടിക്കറ്റെടുത്തത്. സമ്മാനം തനിക്കാണ് ലഭിച്ചതെന്ന് രാജൻ അറിഞ്ഞിരുന്നില്ല. ചൊവ്വാഴ്ച പത്രത്തിൽ നോക്കിയപ്പോഴാണ് ഒന്നാം സമ്മാനമായ 12 കോടി തനിക്കാണ് ലഭിച്ചതെന്ന് രാജൻ അറിഞ്ഞത്. സമ്മാനതുക കൊണ്ട് വീട് പണി പൂർത്തിയാക്കണമെന്നും മകളുടെ കല്യാണ ആവശ്യത്തിന് എടുത്ത ലോൺ അടച്ചു തീർക്കണമെന്നും ഇളയ മകളെ നല്ല രീതിയിൽ പഠിപ്പിക്കണമെന്നും രാജൻ പറഞ്ഞു. ബംബറടിച്ചത് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് രാജന്‍റെ ഭാര്യ രജനി പറഞ്ഞു. ആതിര, അക്ഷര, റികിൽ എന്നിവരാണ് രാജന്റെ മക്കൾ. മകൻ റികില്‍ കൂലി പണിക്കാരാനാണ്. രണ്ടാമത്തെ മകള്‍ അക്ഷര പ്ലസ്‌ടു വിദ്യാര്‍ഥിനിയാണ്.