കണ്ണൂർ : തളിപ്പറമ്പിൽ പനി ബാധിച്ച് ഒന്നര വയസുകാരി മരിച്ചു. ഹയ മെഹ്‌വിഷ് ആണ് മരിച്ചത്. പനി ബാധിച്ച് കണ്ണൂർ പരിയാരം സർക്കാർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. സിറാജ്- ഫാത്തിമത്ത് ഷിഫ ദമ്പതികളുടെ മകളാണ് ഹയ.
കുട്ടിക്ക് ഞായറാഴ്‌ചയാണ് കടുത്ത പനി അനുഭവപ്പെട്ടത്. തുടർന്ന് തൊട്ടടുത്തുള്ള ക്ലിനിക്കിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെ പ്രാഥമിക ചികിത്സയും മരുന്നുകളും നൽകിയതിന് ശേഷം വീട്ടിലേക്ക് മടങ്ങി. പക്ഷേ ഇന്ന് പുലർച്ചെയോടെ കുഞ്ഞ് അബോധാവസ്ഥയിലായതിനെ തുടർന്ന് തളിപ്പറമ്പ് സഹകരണ ആശുപത്രിയിലേക്ക് എത്തിച്ചു. അവിടെവച്ച് ഡോക്‌ടർമാർ സ്ഥിതി ഗുരുതരമാണെന്നും മറ്റൊരാശുപത്രിലേക്ക് മാറ്റണമെന്ന് നിർദേശിക്കുകയുമായിരുന്നു. തുടർന്ന് സഹകരണ ആശുപത്രിയുടെ ആംബുലൻസിൽ കുഞ്ഞിനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. പക്ഷേ ജീവൻ രക്ഷിക്കാനായില്ല.
പനി ബാധിച്ച് മൂന്നുവയസുകാരന്‍ മരിച്ചു: കഴിഞ്ഞമാസം കണിയാമ്പറ്റ പഞ്ചായത്തിൽ പനിയും വയറിളക്കവും മൂലം മൂന്ന് വയസുകാരൻ മരിച്ചിരുന്നു. പള്ളിക്കുന്ന് അമ്പലമൂട് പണിയ കോളനിയിലെ വിനോദിന്‍റെയും, നിമിഷയുടേയും മകന്‍ നിഭിജിത്ത് (3) ആണ് പനി മൂലം മരിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിമധ്യേയാണ് കുട്ടിയുടെ മരണം.
സംഭവത്തിന്‍റെ തലേദിവസം ഉച്ച മുതല്‍ പനിയും, വയറിളക്കവും അനുഭവപ്പെട്ട നിഭിജിത്ത് രാവിലെയോടെ അവശനിലയിലാവുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ കുട്ടിയെ കമ്പളക്കാട് ആശുപത്രിയിലെത്തിച്ചെങ്കിലും യാത്രാമധ്യേ മരണം സംഭവിച്ചു. തുടര്‍ന്ന് മരണകാരണം വ്യക്തമാകുന്നതിനായി കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെ സമാന രോഗലക്ഷണങ്ങളോടെ നിഭിജിത്തിന്‍റെ സഹോദരന്‍ ബിനിജിത്തിനെയും കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
Also Read: Fever cases kerala | പനി പ്രതിരോധത്തിന് എല്ലാവരും രംഗത്തിറങ്ങണം : മുഖ്യമന്ത്രി
ജൂണ്‍ 23ന് ചാഴൂര്‍ സ്വദേശിയായ എട്ടാം ക്ലാസ് വിദ്യാര്‍ഥി ധനിഷ്‌ക് (13) ഡെങ്കിപ്പനി ബാധിച്ച് മരിച്ചിരുന്നു. ചാഴൂർ കുഞ്ഞാലുക്കൽ സ്വദേശി കുണ്ടൂര് സുമേഷിന്‍റെ മകനായ ധനിഷ്‌ക്, ജൂണ്‍ മാസം 15 നാണ് പനി ബാധിച്ച് ആലപ്പാട് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടിയത്. അസുഖം ഭേദമാകാത്തതിനെ തുടർന്ന് ജൂൺ 17 ന് വീണ്ടും പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി രക്തപരിശോധന നടത്തിയിരുന്നെങ്കിലും റിസൾട്ടിൽ കുഴപ്പങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല.
എന്നാല്‍ രണ്ടുദിവസം കഴിഞ്ഞും പനി കുറയാതിരുന്നതിനെ തുടർന്നാണ് പഴുവിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ രക്തപരിശോധനയിൽ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറവാണെന്ന് കണ്ടെത്തുന്നത്. തുടർന്ന് 20ന് മുളങ്കുന്നത്തുകാവ് ഗവ.മെഡിക്കൽ കോളജിലേക്ക് മാറ്റിയ കുട്ടിയെ വിദഗ്‌ധ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. എന്നാൽ പനി മൂർച്ഛിച്ചതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.
Also Read: Fever Death | സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് പനിമരണം; ഇന്നലെ 7 മരണം, ചികിത്സ തേടിയത് 10,594 പേര്‍
ഒരാഴ്‌ചയ്‌ക്കിപ്പുറം തൃശൂര്‍ ജില്ലയിൽ വീണ്ടും ഡെങ്കിപ്പനി മരണം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. അവിണിശ്ശേരി സ്വദേശി അനീഷ (35) ആണ് മരിച്ചത്. തൃശൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് യുവതിയുടെ മരണം. പനി ബാധയെ തുടര്‍ന്ന് ഇവര്‍ ആദ്യം സ്വകാര്യ ക്ലിനിക്കിലെ ഡോക്‌ടറെ കണ്ടിരുന്നു. ഡോക്‌ടറുടെ നിര്‍ദേശപ്രകാരം സ്വകാര്യ ലാബില്‍ നടത്തിയ രക്ത പരിശോധനയിലാണ് ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിക്കുന്നത്.