കണ്ണൂർ : മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെതിരെ വഞ്ചനാക്കേസ്. കോടതി നിർദേശ പ്രകാരം കണ്ണൂർ ടൗൺ പൊലീസാണ് കേസെടുത്തത് (Cheating case against former cricketer S Sreesanth). കണ്ണൂർ കണ്ണപുരം സ്വദേശി സരീഗ് ബാലഗോപാലിന്‍റെ പക്കല്‍ നിന്ന്, കൊല്ലൂരിൽ വില്ല പണിയാമെന്ന് പറഞ്ഞ് 19 ലക്ഷം തട്ടിയെന്നാണ് പരാതി.
കേസിലെ മൂന്നാം പ്രതിയാണ് ശ്രീശാന്ത്. ഉഡുപ്പി സ്വദേശികളായ രാജീവ് കുമാർ, കെ വെങ്കിടേഷ് കിനി എന്നിവരാണ് ഒന്നും രണ്ടും പ്രതികൾ. കർണാടകയിലെ കൊല്ലൂരിൽ രാജീവ് കുമാറിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് റിസോർട്ട് പണിയാമെന്നും, പ്രസ്‌തുത റിസോർട്ടിൽ ആരംഭിക്കുന്ന സ്പോർട്‌സ് അക്കാദമിയിൽ പങ്കാളിയാക്കാമെന്നും പറഞ്ഞ് പണം തട്ടിയെന്നാണ് കണ്ണപുരം സ്വദേശിയുടെ പരാതി (Allegations Against S Sreesanth).
Also Read: കമ്പിയും സിമന്‍റും വാഗ്ദാനം ചെയ്‌ത് 10 ലക്ഷം തട്ടി; മുംബൈ നീരവിന്‍റെ വലയില്‍ കുടുങ്ങി മലയാളി
2019 മാർച്ച് 25 മുതൽ പ്രതികൾ പലതവണ പണം കൈക്കലാക്കി. ഇതുവരെ 18,70,000 രൂപ നൽകിയിട്ടുണ്ട്. എന്നാൽ നാളിതുവരെയും കെട്ടിട നിർമാണം നടത്തുകയോ സ്പോർട്‌സ് അക്കാദമി ആരംഭിക്കുകയോ കൈപ്പറ്റിയ പണം തിരികെ നൽകുകയോ ചെയ്‌തിട്ടില്ലെന്നും പരാതിയിൽ പറയുന്നു.
നേരത്തെ, ഐപിഎല്‍ ഒത്തുകളി കേസ് : ശ്രീശാന്തിനെതിരെ നേരത്തെ ഉണ്ടായ ഒത്തുകളി വിവാദം ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെ തന്നെ പിടിച്ചുകുലുക്കിയ ഒന്നായിരുന്നു. 2013 മെയ് ഒമ്പതിന് കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ നടന്ന മത്സരത്തില്‍ ഒത്തുകളിച്ചു എന്നായിരുന്നു ശ്രീശാന്തിന് എതിരായ കേസ്. രണ്ടാം ഓവറില്‍ പതിനാലോ അതിലധികമോ റണ്‍സ് വിട്ടുകൊടുക്കാമെന്ന് ശ്രീശാന്ത് വാഗ്‌ദാനം ചെയ്‌തിരുന്നുവെന്നതാണ് കേസിന് ആസ്‌പദമായ സംഭവം. മെയ് 16നാണ് കേസില്‍ ശ്രീശാന്തിനെ അറസ്റ്റ് ചെയ്‌തത്. ശ്രീശാന്തിനെ കൂടാതെ അങ്കിത് ചവാന്‍, അജീത് ചാന്ദില എന്നിവരെയും ഒത്തുകളി കേസില്‍ അറസ്റ്റ് ചെയ്‌തിരുന്നു.
അറസ്റ്റിന് പിന്നാലെ മൂവരേയും ബിസിസിഐ സസ്പെന്‍ഡ് ചെയ്‌തു. ഇതിനിടെ ഒത്തുകളിക്ക് നേതൃത്വം നല്‍കിയത് താനാണെന്ന് മലയാളിയായ ജിജു ജനാര്‍ദനന്‍ സമ്മതിച്ചു. ശ്രീശാന്ത് 10 ലക്ഷം രൂപ വാതുവയ്‌പ്പുകാരില്‍ നിന്ന് മുന്‍കൂറായി കൈപ്പറ്റിയെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞിരുന്നു.
മെയ് 23നാണ് ഐപിഎല്ലിലെ പണമൊഴുക്ക്, വിദേശ ബന്ധം എന്നിവയെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്. തുടർന്ന് 2013സെപ്റ്റംബർ 13ന് ശ്രീശാന്തിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്താൻ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. പിന്നീട് വിലക്ക് സുപ്രീം കോടതി റദ്ദാക്കി.