കണ്ണൂര്‍: കേരളത്തിൽ കോൽക്കളി വളരെ ജനകീയമാണെങ്കിലും ചരടുകുത്തി കോൽക്കളി വളരെ വിരളമാണ്. പയ്യന്നൂരിന്റെ മണ്ണ് കോല്‍ക്കളിക്കൊപ്പം പിഴയ്ക്കാത്ത ചുവടുകളുമായി ചിത്രവല നെയ്ത് 212 വിദ്യാര്‍ഥികള്‍ ഒത്തുചേര്‍ന്ന കോല്‍ക്കളി ലോക റെക്കോഡ് നേടി.
പയ്യന്നൂര്‍ ഷേണായി സ്മാരക ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് യു.ആര്‍.എഫ്, ഏഷ്യന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്, ഇന്ത്യന്‍ റെക്കോര്‍ഡ് ബുക്ക്, ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോഡ്സ് എന്നീ റെക്കോഡുകള്‍ക്കുടമകളായത്. സ്‌കൂള്‍ എസ്.പി.സി, എന്‍.എസ്.എസ് കേഡറ്റുകളുടെ നേതൃത്വത്തിലായിരുന്നു ചരടുകുത്തി കോല്‍ക്കളിയുടെ അവതരണം.
ചരടുകുത്തി കോല്‍ക്കളിയെ ലഹരിയെന്ന സാമൂഹ്യ വിപത്തിനെതിരെയുള്ള പ്രചരണായുധമാക്കി മാറ്റിയാണ് പുതിയ ചരിത്രം സൃഷ്ടിക്കാന്‍ വിദ്യാര്‍ഥികള്‍ സ്‌കൂള്‍ മൈതാനിയിലെ കളിത്തട്ടിലിറങ്ങിയത്. കേരള ഫോക്ലോര്‍ അക്കാദമി, എക്സൈസ് വകുപ്പ്, ഫോക് ലാന്റ് പയ്യന്നൂര്‍, കണ്ണൂര്‍ ഡി.ടി.പി.സി എന്നിവരുടെ സഹകരണത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. കെ.ശിവകുമാറിന്റെ ശിക്ഷണത്തില്‍ മൂന്നുമാസത്തെ പരിശീലനത്തിന് ശേഷമാണ് വിദ്യാര്‍ഥികള്‍ ലഹരിക്കെതിരെ ജനമനസുണര്‍ത്തി അരങ്ങേറ്റം കുറിച്ചത്.
മുപ്പത് മീറ്റര്‍ വ്യാസത്തെ മൂന്നായി വിഭജിച്ചുണ്ടാക്കിയ മൂന്നു വൃത്തങ്ങളിലായിരുന്നു ചരടുകെട്ടിയ കോലുകളുമായി 212 പേര്‍ അണിനിരന്നത്. വൃത്തത്തിന്റെ നടുവില്‍ സ്ഥാപിച്ച സൂത്രസ്തംഭത്തിലെ ചിത്രമകുടത്തില്‍ കെട്ടിയിരുന്ന നൂലുകള്‍ കോല്‍ക്കളിയുടെ ചുവടുകളില്‍ ചിത്രവലകളായി നെയ്ത് കയറുന്നതും മറുചുവടുകളില്‍ വലകളഴിഞ്ഞ് പൂര്‍വ്വ സ്ഥിതിയിലാകുന്നതും വീക്ഷിക്കാന്‍ ആയിരങ്ങളാണ് എത്തിയിരുന്നത്. അരങ്ങേറ്റം വിലയിരുത്തിയ യു.ആര്‍.എഫ് ജൂറി ഗിന്നസ് സുനില്‍ ജോസഫ് ലോക റെക്കോര്‍ഡ് പ്രഖ്യാപനം നടത്തി. ഗിന്നസ് പ്രജീഷ് കണ്ണന്‍ സാക്ഷ്യപത്ര സമര്‍പ്പണം നടത്തി.
2015 ല്‍ 100 പേര്‍ ചേര്‍ന്നു നടത്തിയ ചരടുകുത്തി കോല്‍ക്കളിയുടെ ഏഷ്യന്‍ ബുക്ക് ഓഫ് റെക്കാഡ്‌സാണ് ഞായറാഴ്ച കണ്ടങ്കാളി ഷേണായി സ്മാരക ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തിരുത്തിയത്.