കണ്ണൂര്‍: പയ്യന്നൂര്‍ കാങ്കോൽ ആലപ്പടമ്പ് ഗ്രാമപഞ്ചായത്തിലെ പപ്പാരട്ട പ്രാന്തൻ ചാലിൽ പയ്യന്നൂർ ചീമേനി റോഡരികിൽ ഒരു ആക്രിക്കടയുണ്ട്. ഈ ആക്രിക്കടയിലാണ് ദേശീയ തലത്തിൽ മാരത്തൺ - ക്രോസ് കൺട്രിയിൽ കേരളത്തിനു വേണ്ടി സ്വർണമെഡൽ നേടിയ എം ശിവനെന്ന ഇരുപത്തിയഞ്ചുകാരനുള്ളത്. കൊവിഡിനു മുൻപ് ടെറിട്ടോറിയൽ ആർമിയിൽ സെലക്ഷൻ കിട്ടിയെങ്കിലും സർട്ടിഫിക്കറ്റിലെ ജാതി പ്രശ്നമായി.
ശിവന്‍റെ മുത്തച്ഛൻ തമിഴ്നാട്ടിൽ നിന്നും നാടോടിയായി വന്നതാണ്. ഒബിസി ചെട്ടിയാർ ആണ് ഇവരുടെ ജാതി. എന്നാൽ ചെട്ടിയാൻ എന്നല്ലാതെ ചെട്ടിയാർ എന്ന ഒരു ജാതി കേരളത്തിലെ രേഖകളിലില്ല. അങ്ങനെ വില്ലേജ് ഓഫീസർ അനുവദിച്ച ജാതി സർടിഫിക്കറ്റില്‍ ഇയാള്‍ ക്രിസ്‌ത്യനായി. അച്ചൻ ശേഖരനും അമ്മ വള്ളിയമ്മാളിനും ജാതി തെളിയിക്കാനാകാത്തതിനാൽ കായിക രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ച ശിവന്‍റെയും അഞ്ച് സഹോദരങ്ങളുടെയും ഭാവിയിൽ കരിനിഴൽ വീണു.
ശിവന്‍റെ അനുജൻ മൂർത്തിയ്ക്കും നടത്തത്തിൽ സംസ്ഥാന തലത്തിൽ മെഡലുണ്ട്. മൂന്നാമത്തെ സഹോദരൻ പയ്യന്നൂർ കോളജിലെ ഫുട്‌ബോൾ ടീമിലുണ്ട്. നാലാമത്തെ സഹോദരൻ മുത്തുരാജിന് നടത്തത്തിൽ ദേശീയ തലത്തിൽ മെഡലുണ്ട്. പക്ഷേ ജാതിയിൽ കുരുങ്ങി സ്പോർട്സ് ക്വാട്ടയുടെ വാതിൽ ഇവർക്കു മുന്നിൽ അടഞ്ഞുതന്നെ കിടക്കുകയാണ്. മുത്തുരാജ് മെഡൽ നേടിയ 2018 ൽ വിദ്യാഭ്യാസ മന്ത്രി നേരിട്ട് ഇടപെട്ട് പ്രശ്നത്തിനു പരിഹാരം കാണാൻ ശ്രമിച്ചിരുന്നുവെങ്കിലും കൊവിഡിനിടയിൽ അതും നിഷ്ഫലമായി.
സാങ്കേതിക കുരുക്കുകൾ പരിഹരിക്കാൻ ഉദ്യോഗസ്ഥ സംവിധാനം ഉണർന്നു പ്രവർത്തിച്ചാൽ മാത്രമെ ഇനി ഈ സഹോദരങ്ങൾക്കു രക്ഷയുള്ളു. അല്ലാത്തപക്ഷം ആക്രിക്കടയിൽ തുരുമ്പുകൾക്കിടയിൽ ഒതുങ്ങേണ്ടി വരും ഈ സാധുക്കൾക്ക്.