കണ്ണൂർ : ആന്തൂര്‍ ധര്‍മശാലയിലെ ഇൻഡസ്ട്രിയല്‍ ഡെവലപ്പ്‌മെന്‍റ് എസ്റ്റേറ്റ് പരിസരത്ത് വീണ്ടും കഞ്ചാവ് ചെടികള്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം നാല് കഞ്ചാവ് ചെടികള്‍ തിരിച്ചറിഞ്ഞ് നശിപ്പിച്ചതിനടുത്താണ് പൂര്‍ണ വളര്‍ച്ചയെത്തിയ മൂന്ന് ചെടികള്‍ കൂടി എക്‌സൈസ് സംഘം കണ്ടെത്തിയത്.
എക്‌സൈസ് കമ്മിഷണര്‍ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 3.75 മീറ്റർ, 3.30മീറ്റർ, 2.90 മീറ്റർ വീതം ഉയരമുള്ളവയാണ് ചെടികള്‍.
കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 230 സെന്‍റിമീറ്റർ ഉയരമുള്ള നാല് കഞ്ചാവ് ചെടികളാണ് പ്ലാസ്റ്റിക് കവർ കൊണ്ട് മറച്ച നിലയിൽ കണ്ടെത്തിയിരുന്നത്.
പ്രതികളെക്കുറിച്ചുള്ള അന്വേഷണം നടന്നുവരികയാണ്. ഇതര സംസ്ഥാന തൊഴിലാളികളാണ് ഈ കഞ്ചാവ് തൈകൾ നട്ടതെന്നാണ് വിവരം. കണ്ടെടുത്ത ചെടികൾ എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു. കേസെടുത്ത് പ്രതികള്‍ക്കായി അന്വേഷണം തുടങ്ങി.
ALSO READ: മുക്കത്ത് 3000 പാക്കറ്റ് ഹാൻസുമായി ഒരാൾ പിടിയിൽ
അസിസ്റ്റന്‍റ് എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ ടി.എച്ച് ഷഫീഖും സംഘവും ചേര്‍ന്നാണ് ഇവ പിടിച്ചെടുത്തത്. പ്രിവന്‍റീവ് ഓഫീസര്‍മാരായ കെ.പി മധുസൂദനന്‍, അസീസ് എ., പ്രിവന്‍റീവ് ഓഫിസര്‍(ഗ്രേഡ്) കെ. രാജേഷ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എസ്.എ.പി ഇബ്രാഹിം ഖലീല്‍, കെ. മുഹമ്മദ് ഹാരിസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.