കണ്ണൂര്‍ : ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യുട്ടീവ് ട്രെയിനില്‍ തീവയ്‌പ്പ് നടത്തിയ സംഭവം അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്‍റെ തലവന്‍ എഡിജിപി എം.ആര്‍ അജിത്‌കുമാര്‍ അക്രമം നടന്ന ബോഗികള്‍ പരിശോധിച്ചു. ഉച്ചയ്‌ക്ക് 1.30 ഓടെയാണ് അദ്ദേഹം എത്തിയത്. കോഴിക്കോട് ഐജി നീരജ് കുമാര്‍ ഗുപ്‌ത, കണ്ണൂർ റേഞ്ച് ഡിഐജി പുട്ട വിമലാദിത്യ, ആർപിഎഫ് ഉദ്യോഗസ്ഥർ മറ്റ് പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരും എഡിജിപിക്കൊപ്പമുണ്ടായിരുന്നു. അക്രമം നടന്ന ഡി1, ഡി2 ബോഗികളാണ് സംഘം പരിശോധിച്ചത്.
ട്രെയിനില്‍ പെട്രോളൊഴിച്ച് തീവച്ച പ്രതിയെന്ന് കരുതുന്നയാളെ രത്‌നഗിരിയില്‍ നിന്ന് പിടികൂടിയിട്ടുണ്ടെന്ന് എഡിജിപി എംആർ അജിത് കുമാർ പറഞ്ഞു. ഇയാളെ എപ്പോഴാണ് കേരളത്തിലേക്ക് കൊണ്ട് വരികയെന്നത് തീരുമാനിച്ചിട്ടില്ല. എന്നാല്‍ എത്രയും വേഗം കേരളത്തിലെത്തിക്കാനാണ് നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി.
കേസ് അന്വേഷണത്തിന് പ്രത്യേക സംഘം : മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദേശ പ്രകാരമാണ് പ്രത്യേക സംഘം രൂപീകരിക്കപ്പെട്ടിരിക്കുന്നത്. സങ്കീര്‍ണതകള്‍ നിറഞ്ഞ കേസായതിനാല്‍ കേന്ദ്ര അന്വേഷണ ഏജൻസികളുടെ സഹായം തേടിയിട്ടുണ്ട്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെന്ന് കരുതുന്നയാളെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ആക്രമണശേഷം പ്രതി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ടതിനെ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് അന്വേഷണ ശേഷം മാത്രമേ പ്രതികരിക്കാനാകൂവെന്നായിരുന്നു എഡിജിപിയുടെ മറുപടി. ഇയാള്‍ക്കൊപ്പം കൂട്ടാളികള്‍ ഉണ്ടായിരുന്നോ എന്നതും പരിശോധനയ്ക്ക് ശേഷമേ പറയാന്‍ സാധിക്കൂവെന്നും എഡിജിപി അറിയിച്ചു. ഏപ്രില്‍ മൂന്നിന് രാത്രി കണ്ണൂരില്‍ നിന്നുള്ള മംഗള എക്‌സ്‌പ്രസിലാണ് പ്രതി രക്ഷപ്പെട്ടതെന്നാണ് ലഭിക്കുന്ന സൂചന.
ആശങ്കയ്‌ക്കിടയാക്കിയ ട്രെയിനിലെ തീവയ്പ്പ് : ഇക്കഴിഞ്ഞ ഞായറാഴ്‌ച രാത്രിയാണ് കോഴിക്കോട് ഏലത്തൂരിന് സമീപത്തുവച്ച് കണ്ണൂര്‍- ആലപ്പുഴ എക്‌സിക്യുട്ടീവ് എക്‌സ്‌പ്രസില്‍ യാത്രക്കാര്‍ക്ക് നേരെ യുവാവ് പെട്രോളൊഴിച്ച് തീക്കൊളുത്തിയത്. തീ പടര്‍ന്നതോടെ യാത്രക്കാരില്‍ മൂന്ന് പേര്‍ പുറത്തേക്ക് എടുത്ത് ചാടുകയും തുടര്‍ന്ന് മരിക്കുകയും ചെയ്‌തു. തീവയ്‌പ്പിനെ തുടര്‍ന്ന് എട്ട് യാത്രക്കാര്‍ക്ക് പൊള്ളലേറ്റു.
പരിക്കേറ്റവര്‍ നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുകയാണ്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയ്‌ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. തുടര്‍ന്നാണ് ഷഹറൂഖ് സെയ്‌ഫിയെ മഹാരാഷ്‌ട്രയില്‍ നിന്ന് പിടികൂടിയത്.
ഇയാളുടെ മുഖത്ത് പൊള്ളലേറ്റിട്ടുണ്ട്. ട്രെയിനിലെ യാത്രക്കാര്‍ക്ക് നേരെ തീക്കൊളുത്തിയപ്പോള്‍ ഇയാള്‍ക്കും പൊള്ളലേല്‍ക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഇയാള്‍ രത്‌നഗിരിയിലെ ആശുപത്രിയിലെത്തി ചികിത്സ തേടി. ദേശീയ അന്വേഷണ ഏജന്‍സികളടക്കം ആശുപത്രികള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയാണ് കേസില്‍ പ്രധാന വഴിത്തിരിവായത്. ഇയാളെ കോഴിക്കോട്ടെത്തിച്ച് തെളിവെടുപ്പ് നടത്തും. വിശദമായ ചോദ്യം ചെയ്യലിനും വിധേയമാക്കും.