കണ്ണൂര്‍/വയനാട് : കേരളത്തിലെ ഏറ്റവും ഉയരത്തിലുള്ള ശുദ്ധജലതടാകമാണ് വയനാട് ജില്ലയിലെ പൂക്കോട് തടാകം. സമുദ്ര നിരപ്പില്‍ നിന്നും 770 മീറ്റര്‍ ഉയരത്തിലുള്ള ഈ തടാകം സുന്ദരിപ്പായല്‍ എന്ന അധിനിവേശ സസ്യത്തിന്‍റെ ഭീഷണിയില്‍ നാശത്തിന്‍റെ വക്കിലാണ്. വയലറ്റ് നിറത്തില്‍ പൂക്കള്‍ വിരിഞ്ഞ് കാഴ്‌ചക്കാര്‍ക്ക് മനോഹാരിത നല്‍കുന്ന കബോംബ ഫര്‍ക്കാറ്റ (Cabomba Furcata) എന്ന അധിനിവേശ സസ്യം ഈ തടാകത്തിന്‍റെ ഭൂരിഭാഗവും മൂടി കഴിഞ്ഞിരിക്കയാണ്.
രണ്ട് മാസം മുമ്പ് ബോട്ട് സവാരി നടത്തിയിരുന്ന തടാകത്തിന്‍റെ ഭൂരിഭാഗവും ഈ ജലസസ്യം പിടിച്ചടക്കി കഴിഞ്ഞു. സൗന്ദര്യവും ആനന്ദവും നല്‍കുന്ന ഈ സസ്യം പൂക്കോട് തടാകത്തിന് ഭീഷണിയാകുന്ന കാര്യം അധികമാര്‍ക്കും അറിയില്ല. നാല്‍പത് ഹെക്‌ടര്‍ വരുന്ന ഈ തടാകത്തിന്‍റെ നീര്‍ത്തട വിസതീര്‍ണ്ണത്തിന്‍റെ ഭൂരിഭാഗവും കബോംബ വിഴുങ്ങിക്കൊണ്ടിരിക്കയാണ്. 6.5 മീറ്റര്‍ ആഴമുളള തടാകത്തിന്‍റെ അടിത്തട്ടിന്‍റെ മണ്ണില്‍ പോലും ഈ ജലസസ്യം വേരുറപ്പിച്ചു കഴിഞ്ഞു.
ജലാശയത്തെ മാത്രമല്ല, പൂക്കോട് തടാകത്തില്‍ മാത്രം കാണുന്ന 'പെതിയ പൂക്കോടന്‍സിസ്' എന്ന മത്സ്യ ഇനത്തിനും നാശമുണ്ടാക്കും വിധമാണ് കബോംബ ഫര്‍ക്കാറ്റയുടെ വളര്‍ച്ച. വടക്കേ അമേരിക്കയിലും ക്യൂബയിലും കാണപ്പെടുന്ന ഈ ജലസസ്യം ഈ തടാകത്തിലെത്തിച്ചേര്‍ന്നത് എങ്ങനെയെന്നത് അജ്ഞാതമാണ്. പൂക്കോട് തടാകത്തെ ചുറ്റുന്ന നടപ്പാതയിലൂടെ സഞ്ചാരികള്‍ വയലറ്റ് പരവതാനി വിരിച്ചപോലെ ജലാശയത്തില്‍ കാണുന്ന സുന്ദരി പായലിനെ കണ്ടു മടങ്ങുന്നത് പതിവായിട്ടുണ്ട്.
ബോട്ടു സവാരിയേക്കാള്‍ ആകര്‍ഷകമാവുന്നത് ഈ പായലിനെ ദര്‍ശിക്കുന്നതിലൂടെയാണെന്ന് സഞ്ചാരികളുടെ ബാഹുല്യം കൊണ്ട് തെളിയുന്നു. എന്നാല്‍ ഈ ജലസസ്യത്തിന്‍റെ പൂക്കള്‍ കണ്ട് ആസ്വദിക്കുന്നവര്‍ ഇതിന്‍റെ ദോഷഫലം അറിയുന്നില്ലെന്നാണ് വിദഗ്ധർ പറയുന്നത്. വയനാടന്‍ വനങ്ങളെ മൂടിയ മഞ്ഞക്കൊന്ന ചെടികളേയും ജന്തുക്കളേയും തുരത്താന്‍ തുടങ്ങിയപ്പോഴാണ് അതിന്‍റെ അപകടം ബോധ്യമായത്.
അതിഥിയായെത്തി നമുക്ക് ഭീഷണിയാവുന്ന സ്വഭാവമാണ് മിക്ക അധിനിവേശ സസ്യങ്ങള്‍ക്കുമുള്ളത്. തദ്ദേശീയമായ സസ്യ -ജൈവ വൈവിധ്യങ്ങളെ നശിപ്പിക്കുമ്പോഴാണ് അതിഥി സസ്യങ്ങളെ അധിനിവേശ സസ്യങ്ങളായി കണക്കാക്കുന്നത്. ഉദ്യാന പ്രേമികള്‍ അറിഞ്ഞും അറിയാതേയും ഇത്തരം സസ്യങ്ങളെ വളര്‍ത്തുന്നതും കുളങ്ങളിലും ജലാശയങ്ങളിലും നിക്ഷേപിക്കുന്നതും നാടിന് ഭീഷണിയാണ്.
സ്വാഭാവിക സസ്യങ്ങളുടെ വളര്‍ച്ച മുരടിപ്പിച്ച് ജലാശയങ്ങളില്‍ ആഫ്രിക്കന്‍ പായല്‍, മട്ടപ്പായല്‍ കുളവാഴ എന്നിവയുടെ തുടര്‍ച്ചയായി ഈ സുന്ദരി പായലും ആധിപത്യം ഉറപ്പിച്ചിരിക്കയാണ്. ജലഗതാഗതത്തിനും മത്സ്യങ്ങളുള്‍പ്പെടെയുളള ജീവജാലങ്ങളുടെ നിലനില്‍പ്പിനും ഇവ ഭീഷണി സൃഷ്‌ടിക്കുന്നു.
കബോംബ എന്ന ഈ സുന്ദരിപായലിന്‍റെ മനോഹാരിതക്ക് പിന്നില്‍ അപകടം പതിയിരിക്കുന്നുവെന്ന് സസ്യ ശാസ്ത്രഞ്ജന്‍മാര്‍ തിരിച്ചറിഞ്ഞപ്പോഴേക്കും ഇത് വ്യാപകമായിരുന്നു. ഈ തടാകത്തിലെ സുന്ദരി പായലിനെ നശിപ്പിക്കാന്‍ ഇനിയും കാര്യമായ ശ്രമം ആരംഭിച്ചിട്ടില്ല എന്നത് ആശങ്ക നല്‍കുന്ന കാര്യമാണ്.