കണ്ണൂർ: പുത്തൂരിൽ യാത്രാക്ലേശം രൂക്ഷമാകുന്നു. പഴയ പാലം പൊളിച്ചു മാറ്റി പുതിയ പാലത്തിന്‍റെ നിര്‍മാണം ആരംഭിച്ചെങ്കിലും പാനൂരിന്‍റെ കിഴക്കൻ മേഖലയിലേക്കുള്ള യാത്രാക്ലേശം രൂക്ഷമാണ്. പാലം പൊളിച്ച് മാറ്റിയപ്പോൾ സ്വകാര്യവ്യക്തികളുടെ സ്ഥലത്തിലൂടെ താൽക്കാലിക പാലം പണിതെങ്കിലും ഇതുവഴി ഭാരവാഹനങ്ങൾക്കും ബസുകൾക്കും കടന്നു പോകാൻ കഴിയില്ല. ഇതാണ് യാത്രാപ്രയാസം നേരിടാനുള്ള കാരണം. താൽക്കാലിക പാലത്തിന് സുരക്ഷാ പ്രശ്‌നങ്ങളുമുണ്ട്.
പാനൂർ, പുത്തൂർ വഴി പാറാട് മേഖലയിലേക്കുള്ള വഴിയിൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ട്രാഫിക് നിയന്ത്രിക്കാൻ ഉദ്യോഗസ്ഥരില്ലാത്തതാണ് മറ്റൊരു പ്രതിസന്ധി. നിർദേശിച്ചിരിക്കുന്ന റൂട്ടിൽ ബസുകൾ പോകാത്തത് പ്രയാസം സൃഷ്‌ടിക്കുന്നുവെന്നാണ് യാത്രക്കാർ പറയുന്നത്. വിദ്യാർഥികളും പ്രായമായവരും ഉൾപ്പെടെയുള്ള യാത്രക്കാർ ദുരിതമനുഭവിക്കുകയാണ്. പുതിയ പാലം പണി പൂർത്തിയാക്കാൻ എട്ട് മാസമെങ്കിലും എടുക്കും. അതുവരെ നിലവിലുള്ള താൽക്കാലിക പാലം കൂടുതൽ വിപുലീകരിച്ച് വലിയ വാഹനങ്ങൾക്കും ബസുകൾക്കും പോകാനുള്ള സൗകര്യം ഒരുക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.