കണ്ണൂർ: ചുട്ടു പൊള്ളുന്ന തീകനലുകളും ചൂടും പുകയും നിറഞ്ഞ ആലകളാണ് നമ്മൾ കണ്ടിട്ടുള്ളത്. എന്നാൽ കണ്ണൂർ ചപ്പാരപ്പടവിൽ കൊല്ലപ്പണി നടത്തുന്ന രവിയുടെ തൊഴിലിടമാണിത്. രാകി മിനുക്കലിന്‍റെയും അടിച്ചു പരത്തലിന്‍റെയും ശബ്‌ദങ്ങൾക്ക് അപ്പുറം മനോഹരമായ ചിത്രങ്ങൾ തൂക്കിയ ചുവരുകളാണ് ഈ ആലയുടെ പ്രത്യേകത.
കോട്ടയത്തു നിന്ന് വർഷങ്ങൾക്ക് മുമ്പാണ് രവിയും കുടുംബവും കണ്ണൂരിലേക്ക് എത്തുന്നത്. ചപ്പാരപ്പടവിനടുത്ത് വെള്ളാടാണ് താമസം. 25 വർഷമായി കൊല്ലപ്പണ്ണിയിൽ സജീവമാണ് രവി.
സ്വന്തം തൊഴിലിനപ്പുറം ചിത്രകലയും ആർട്ട് വർക്കും ഭക്തി ഗാനവുമാണ് രവിയുടെ ഇഷ്‌ടങ്ങൾ. തന്‍റെ കലാസൃഷ്‌ടികൾ പ്രദർശിപ്പിക്കാൻ ഇടമില്ലാതെ വന്നതോടെയാണ് പുതിയ ആല കിട്ടിയപ്പോൾ ചുമരിൽ നിറയെ താൻ വരച്ച ചിത്രങ്ങൾ തൂക്കിയത്. കൺമഷി, ഹൈബ്രോപെൻസിൽ , സൈനർ, ഇനാമൽ പെയിന്‍റ് , വാട്ടർ കളർ എന്നിവ ഉപയോഗിച്ചാണ് രവി ചിത്രങ്ങൾ വരക്കുന്നത്.
ഇതിനകം 1000 നടുത്ത് ചിത്രങ്ങൾ രവി ചേട്ടൻ വരച്ചിട്ടുണ്ട്. ആവശ്യക്കാർക്ക് രവി ചേട്ടൻ ചിത്രങ്ങൾ വരച്ച് നൽകുകയും ചെയ്യുന്നുണ്ട്. കൊല്ലപ്പണിക്ക് ശേഷം ഒഴിവ് വരുന്ന സമയമാണ് രവി ചിത്രങ്ങൾ വരച്ച് ഒരുക്കുന്നത്. ഇതിനൊക്കെ എവിടെയാ ചേട്ടാ സമയം എന്ന് ചോദിച്ചാ രവിചേട്ടന്‍റെ മറുപടി എത്തും; സമയം ഞാൻ തരാമെന്ന്. മടി ഇല്ലെങ്കിൽ എന്തും ചെയ്യാൻ സാധിക്കും. ഭക്തി ഗാന രംഗത്തും സജീവമാണ് രവി.