കണ്ണൂർ: മുതിർന്ന ബിജെപി നേതാവ് പിപി മുകുന്ദൻ അന്തരിച്ചു (BJP Leader PP Mukundan Passed Away). 77 വയസ് ആയിരുന്നു. ബിജെപി മുൻ സംഘടന ജനറല്‍ സെക്രട്ടറിയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
ദീർഘകാലം ബിജെപിയുടെ കേരളത്തിലെ സംഘടന ചുമതല വഹിച്ച നേതാവാണ്. 2006 മുതല്‍ 10 വർഷം പാർട്ടിയില്‍ നിന്ന് പുറത്തു നിന്നു. 2016ലാണ് പിപി മുകുന്ദൻ ബിജെപിയില്‍ തിരിച്ചെത്തിയത്. ബിജെപി മുൻ സംസ്ഥാന സംഘടന ജനറൽ സെക്രട്ടറിയായ പിപി മുകുന്ദൻ, BJP Leader PP Mukundan കേരളത്തിലെ ഏറ്റവും പ്രമുഖനായ സംഘ പരിവാർ നേതാക്കളിലൊരാളാണ്.
മലബാറിലെ പ്രശസ്‌ത ക്ഷേത്രസങ്കേതവും ദക്ഷയാഗഭൂമിയുമായ ശ്രീ കൊട്ടിയൂര്‍ മഹാദേവക്ഷേത്ര ഊരാളന്‍മാരായ നാല് തറവാടുകളിലൊന്നായ കൊളങ്ങരയത്ത് തറവാട്ടിലെ പരേതരായ നടുവില്‍ വീട്ടില്‍ കൃഷ്‌ണന്‍ നായരുടെയും കൊളങ്ങരയത്ത് കല്യാണിയമ്മയുടെയും രണ്ടാം മകനായി 1946 ഡിസംബര്‍ 9 നാണ് പിപി മുകുന്ദന്‍റെ ജനനം. മണത്തണ യുപി സ്‌കൂള്‍, പേരാവൂര്‍ സെന്‍റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂർത്തിയാക്കി. ഹൈസ്‌കൂള്‍ പഠനകാലത്താണ് രാഷ്‌ട്രീയ സ്വയംസേവക സംഘത്തില്‍ അദ്ദേഹം ആകൃഷ്‌ടനാകുന്നത്.
1960 കളില്‍ ജില്ലയിലെ ആദ്യകാല സംഘപ്രവര്‍ത്തകരിലൊരാളായ ധര്‍മ്മടത്തെ അന്തരിച്ച കക്കന്‍ കരുണാകരന്‍റെ നേതൃത്വത്തില്‍ മണത്തണയില്‍ സംഘശാഖ ആരംഭിച്ചപ്പോള്‍ ആണ് സ്വയം സേവകനായി മുകുന്ദൻ സംഘപഥത്തിലെത്തിയത്. മണത്തണ പേരാവൂര്‍, കൊട്ടിയൂര്‍ മേഖലകളില്‍ സംഘപരിവാറിനായി പ്രവര്‍ത്തിച്ചു. 1965 ല്‍ കാലടിയില്‍ നടന്ന പ്രഥമവര്‍ഷ സംഘശിക്ഷാവര്‍ഗ്ഗിന് ശേഷമാണ് കണ്ണൂര്‍ താലൂക്കില്‍ പ്രചാരകനായി തന്‍റെ പ്രചാരക ജീവിതത്തിന് തുടക്കം കുറിക്കുന്നത്.
ഈ കാലഘട്ടത്തിൽ കണ്ണൂര്‍ താലൂക്കിന്‍റെ വിവിധ മേഖലകളില്‍ സംഘ പ്രവർത്തനം ആരംഭിച്ചതും മുകുന്ദൻ ആണ്. 1966 ല്‍ കോയമ്പത്തൂരില്‍ വെച്ച് നടന്ന ആർ എസ് എസ് ക്യാമ്പിലും 1967 ല്‍ നാഗ്പൂരില്‍ വെച്ച് നടന്ന ക്യാമ്പിലും പങ്കെടുത്തു. 1967 ല്‍ ചെങ്ങന്നൂര്‍ താലൂക്ക് പ്രചാരകനായും തുടര്‍ന്ന് അഞ്ച് വര്‍ഷത്തിന് ശേഷം 1972 ല്‍ തൃശൂര്‍ ജില്ല പ്രചാരകനായും പ്രവര്‍ത്തിച്ചു.
തൃശൂര്‍ ജില്ല പ്രചാരകനായിരിക്കെ 1975 ല്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെടുകയും സംഘനിരോധനം ഉണ്ടാവുകയും ചെയ്‌തതിനെ തുടര്‍ന്ന് മിസ അനുസരിച്ച് അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്‌തു. ബിജെപി നേതാവ് സി കെ പദ്‌മനാഭനൊപ്പം 21 മാസം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയേണ്ടി വരികയും ചെയ്‌തിട്ടുണ്ട്. അടിയന്തരാവസ്ഥ പിന്‍വലിക്കപ്പെട്ട് രണ്ട് മാസത്തിന് ശേഷം ജയില്‍ മോചിതനായ മുകുന്ദന്‍ തുടര്‍വര്‍ഷങ്ങളില്‍ കോഴിക്കോട്, തിരുവനന്തപുരം വിഭാഗ് പ്രചാരകനായും പ്രാന്തീയ സമ്പര്‍ക്കപ്രമുഖായും നീണ്ട കാല്‍നൂറ്റാണ്ടുകാലം പ്രചാരകജീവിതം നയിച്ചു.
1991 ല്‍ ബിജെപി സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റു. 2004 വരെ നീണ്ട 13 വര്‍ഷക്കാലം പ്രസ്‌തുത സ്ഥാനത്ത് തുടര്‍ന്നശേഷം 2004 ല്‍ തമിഴ്‌നാട്, കേരളം, പോണ്ടിച്ചേരി, അന്തമാന്‍ നിക്കോബാര്‍ എന്നീ പ്രദേശങ്ങളുടെ ചുമതലയില്‍ ദക്ഷിണേന്ത്യ സംഘടനാ സെക്രട്ടറിയായി നിയോഗിക്കപ്പെട്ടു. മാര്‍ക്‌സിസ്റ്റ് അക്രമവിരുദ്ധ സമിതിയുടെ സംസ്ഥാന കണ്‍വീനര്‍, ഡോക്‌ടര്‍ കേശവ ബലറാം ഹെഡ്‌ഗേവാര്‍ ജന്മശതാബ്ദി ചാരിറ്റബിള്‍ ട്രസ്റ്റ് അംഗം, ക്ഷേത്രങ്ങള്‍ രാഷ്ട്രീയമുക്തമാക്കാനുദ്ദേശിച്ച് രൂപീകൃതമായ പ്രക്ഷോഭസമിതി ജോയിന്‍റ് സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ബിജെപി ദേശീയ ആധ്യക്ഷനായിരുന്ന എംഎം ജോഷി നയിച്ച ഏകത യാത്രയുടെ കേരളത്തിലെ സംഘടകൻ ആയിരുന്നു പിപി മുകുന്ദൻ.
സിപിഐഎമ്മിലെ വിഎസിനെ പോലെയാണ് ബിജെപിയിലെ മുകുന്ദൻ അറിയപെട്ടിരുന്നത്. എല്ലാ രാഷ്‌ട്രീയ പാർട്ടി നേതാക്കളുമായി വ്യക്തിബന്ധം സൂക്ഷിച്ച നേതാവ് ആയിരുന്നു പിപി മുകുന്ദൻ. ഇകെ നായനാർ, കെ കരുണാകരൻ, പികെ കുഞ്ഞാലിക്കുട്ടി, പിണറായി വിജയൻ തുടങ്ങിയവരുമായി അടുത്ത ബന്ധം പുലർത്തി.
പൊതുപ്രവര്‍ത്തക മികവിനുള്ള അംഗീകാരമായി നിരവധി പുരസ്‌കാരങ്ങളും ആദരവുകളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 2008 ല്‍ കാലടിയില്‍ വെച്ച് കാഞ്ചി ശ്രീ കാമകോടി പീഠം ശങ്കരാചാര്യസ്വാമികള്‍ മഹാശിവരാത്രി പുരസ്‌കാരം നല്‍കി അനുഗ്രഹിച്ചു. 2017 ല്‍ പൂനെ മലയാളി സമാജത്തിന്റെ വിശിഷ്‌ട വ്യക്തിത്വ പുരസ്‌കാരം ലഭിച്ചു. 2018 ല്‍ ഹൈദരാബാദ് ഭാഗ്യനഗര്‍ ഹിന്ദുസംഗമവേദിയുടെ പുരസ്‌കാരം ലഭിച്ചു. 2019 ല്‍ പൂര്‍വ്വസൈനികസേവ പരിഷത്ത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് അടിയന്തരാവസ്ഥ പീഡിതര്‍ക്കുള്ള സമാദരണത്തിന്‍റെ ഭാഗമായി പൊന്നാടയും പ്രശസ്‌തി ഫലകവും സിനിമ സംവിധായകന്‍ അലി അക്ബര്‍ സമ്മാനിച്ചു.
പി പി മുകുന്ദൻ ബിജെപി നേതൃത്വത്തിൽ ഉള്ളപ്പോൾ ആണ് കോ-ലീ-ബി സഖ്യം എന്ന വിവാദം ആളി കത്തിയത്. അന്ന് കൂട്ടുകെട്ട് ഏറെ വിവാദം ആയെങ്കിലും ഇത് പിന്നീട് കെട്ടടങ്ങി. പാർടി മുഖപത്രമായ ജന്മഭൂമിയുടെ എംഡി ആയി നാലുവർഷത്തോളം പ്രവർത്തിച്ചു. റിട്ടയേര്‍ഡ് അധ്യാപകനായ പിപി ഗണേശന്‍, പിപി ചന്ദ്രന്‍, പരേതനായ കുഞ്ഞിരാമന്‍ എന്നിവരാണ് മുകുന്ദന്‍റെ സഹോദരങ്ങള്‍.