കണ്ണൂർ: പരാതി പരിഹാര കേരളം ലക്ഷ്യമിട്ട് മന്ത്രിമാർ നടത്തുന്ന അദാലത്തിന് കണ്ണൂര്‍ ഇരിട്ടിയില്‍ തുടക്കമായി. പരാതി രഹിത കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് "സാന്ത്വന സ്‌പര്‍ശം" എന്ന പേരിൽ മൂന്ന് ദിവസങ്ങളിലായി കണ്ണൂര്‍ ജില്ലയില്‍ അദാലത്ത് സംഘടിപ്പിച്ചിരിക്കുന്നത്. മന്ത്രിമാരായ കെകെ ശൈലജ, ഇപി ജയരാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരാണ് ജനങ്ങളിൽ നിന്നും പരാതികൾ സ്വീകരിക്കുന്നത്.
ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിലൂടെ പരാതി രഹിത കേരളം സൃഷ്ടിക്കുകയാണ് സാന്ത്വന സ്‌പര്‍ശം അദാലത്തുകളിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പരിപാടി ഉദ്‌ഘാടനം ചെയ്‌ത് സംസാരിച്ച വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജന്‍ പറഞ്ഞു. അദാലത്തുമായി ബന്ധപ്പെട്ട് നേരത്തെ ലഭിച്ച പരാതികളില്‍ ഇതിനോടകം തീരുമാനം കൈക്കൊണ്ടു കഴിഞ്ഞു. അദാലത്തില്‍ ലഭിക്കുന്ന പരാതികളില്‍ സാധ്യമായവ ഇവിടെ വച്ചുതന്നെ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. അദാലത്തിലെത്തിയ അപേക്ഷകളില്‍ ചിലത് പ്രത്യേക നയരൂപീകരണം ആവശ്യമുള്ളവയും നിയമനിര്‍മാണം ആവശ്യമുള്ളവയും ആണെന്നും അത്തരം അപേക്ഷകള്‍ ആ രീതിയില്‍ പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു. കൊവിഡ് പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ടാണ് അദാലത്തുകള്‍ നടത്തുന്നത്.
ജനങ്ങളുടെ സൗകര്യം പരിഗണിച്ചാണ് താലൂക്ക് തലത്തില്‍ അദാലത്തുകള്‍ സംഘടിപ്പിച്ചത്. അപേക്ഷകളിലേറെയും റേഷന്‍ കാര്‍ഡ്, റവന്യൂ- പഞ്ചായത്ത് സേവനങ്ങള്‍, ചികിത്സാ സഹായം, ബാങ്ക് വായ്‌പ തുടങ്ങിയവയുമായി ബന്ധപ്പെട്ടവയാണ്. ആയിരത്തിലേറെ അപേക്ഷകളാണ് അദാലത്തില്‍ പരിഗണിക്കുന്നത്. തലശ്ശേരി, കണ്ണൂര്‍, പയ്യന്നൂർ, തളിപ്പറമ്പ് താലൂക്കുകളുടെ അദാലത്ത് ചൊവ്വ, വ്യാഴം ദിവസങ്ങളിൽ നടക്കും.