കണ്ണൂർ: മുളയുൽപന്ന കുടിൽ വ്യവസായങ്ങളെ സംരക്ഷിച്ചു നിർത്താൻ അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് ഇരിട്ടി കൂട്ടുപുഴയിലെ തൊഴിലാളികളുടെ ആരോപണം. ഉൽപാദനത്തിന് ആവശ്യമായ മുള ലഭിക്കാത്തതും ഇടനിലക്കാരുടെ ചൂഷണവുമാണ് ഈ തൊഴിൽ മേഖലയെ തകർക്കുന്നത്. ഇരിട്ടി - കൂട്ടുപുഴ റോഡിൽ പരമ്പരാകത കുടിൽ വ്യവസായമായ കുട്ട, മുറം, പായ, തുടങ്ങിയ മുള ഉൽപന്നങ്ങൾ മിക്ക വീടുകളിലേയും പ്രധാന വരുമാന മാർഗമായിരുന്നു. എന്നാല്‍ പ്ലാസ്റ്റിക്ക്, ചൈനീസ് ഉൽപന്നങ്ങളുടെ കടന്നുവരവ് ഈ മേഖലയുടെ തകർച്ചക്ക് കാരണമായി. വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ഇപ്പോഴീ മേഖലയിലുള്ളത്. സർക്കാരിൽ നിന്ന് തൊഴിലാളികൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ഇവർക്ക് അന്യമാണ്.
തൊഴിലാളികളെ ചൂഷണം ചെയ്ത് ഇടനിലക്കാർ വൻ ലാഭം കൊയ്യുന്നതും പതിവാണെന്നും ഇവർ പറയുന്നു. മുളയുടെ ക്ഷാമവും, കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യവും തൊഴിൽ മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ് സൃഷ്ടിക്കുന്നത്. പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങളെ ചെറുക്കാൻ അധികൃതർ തയ്യാറാകാത്തതും പ്രകൃതിയോട് ഇണങ്ങിച്ചേർന്നു നിൽക്കുന്ന ഇത്തരം സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ നടപടി ഇല്ലാത്തതുമാണ് ഇവരെ പട്ടിണിയിലേക്ക് നയിക്കുന്നത്.സർക്കാർ ഈ വിഷയത്തിൽ ഇടപെട്ട് വേണ്ട നടപടികൾ സ്വീകരിക്കമെന്നതാണ് തൊഴിലാളികൾ ഉയർത്തുന്ന ആവശ്യം.