കണ്ണൂർ: സർക്കാർ നിയന്ത്രണത്തിലുള്ള സംസ്ഥാനത്തെ ശിശു സംരക്ഷണ കേന്ദ്രങ്ങൾ അടച്ചു പൂട്ടലിന്റെ വക്കിൽ. കുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകുന്നതിനുള്ള ഫണ്ടും ജോലിക്കാരുടെ ശമ്പളവും മാസങ്ങളായി മുടങ്ങിയിരിക്കുകയാണ്. എണ്ണമറ്റ സ്വകാര്യ ഡേ കെയറുകൾക്ക് സർക്കാർ ഒത്താശ ചെയ്ത് കൊടുക്കുകയാണെന്ന് ആരോപണം.
ബേബി ക്രഷുകൾ എന്നറിയപ്പെടുന്ന 520 ശിശു സംരക്ഷണ കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇതിൽ അൻപതിലേറെ കേന്ദ്രങ്ങൾ ഇതിനകം തന്നെ അടച്ചു പൂട്ടി. ആറ് മാസം മുതൽ ആറ് വയസുവരെയുള്ള കുട്ടികളെ പകൽ സമയം സംരക്ഷിക്കാൻ ഒരു ടീച്ചറും ഒരു സഹായിയുമാണ് ക്രഷിൽ ഉണ്ടാവുക. ടീച്ചർക്ക് 3000 രൂപയും ഹെൽപ്പർക്ക് 1500 രൂപയും ആണ് മാസ ശമ്പളം. അത് പോലും കിട്ടിയിട്ട് മാസങ്ങൾ ഏറെയായി. യാത്രാച്ചെലവിന് പോലും കാശില്ലാത്ത അവസ്ഥ. ശിശു സംരക്ഷകരുടെ ശമ്പളം വർധിപ്പിക്കാൻ മനുഷ്യാവകാശ കമ്മീഷൻ സർക്കുലർ ഇറക്കിയിട്ടും സർക്കാരിന് കേട്ട ഭാവമില്ല. കുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകാൻ ഒരു കുട്ടിക്ക് 12 രൂപ കണക്കിൽ പണം നൽകേണ്ട സ്ഥാനത്ത് ഒരു രൂപ പോലും ലഭിക്കുന്നുമില്ല. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിൽ പ്രവർത്തിക്കുന്ന ക്രഷുകൾക്ക് 60 ശതമാനം ഫണ്ട് കേന്ദ്രവും 30 ശതമാനം സംസ്ഥാനവുമാണ് അനുവദിക്കേണ്ടത്. ബാക്കി പത്ത് ശതമാനം പ്രാദേശിക കമ്മറ്റികളുടെ ബാധ്യതയാണ്. രക്ഷിതാക്കളുടെ സംഭാവനകളിലാണ് ബാലവിഹാര കേന്ദ്രങ്ങൾ നിലനിന്നു പോകുന്നത്. 2016 ന് ശേഷം കളിപ്പാട്ടങ്ങളോ വിശ്രമിക്കാൻ ഒരു പായയോ ലഭിച്ചിട്ടില്ലെന്ന് നടത്തിപ്പുകാർ പറയുന്നു.
കുഞ്ഞുങ്ങളെയും കൊണ്ട് ഇപ്പോഴും നിരവധി പേർ ഈ കേന്ദ്രങ്ങൾ തേടി എത്തുന്നുണ്ടെങ്കിലും നടത്തിപ്പ് അവതാളത്തിലായതോടെ മടക്കി അയക്കുകയാണ്. പിഞ്ചു കുഞ്ഞുങ്ങൾക്ക് ഏറ്റവും കൂടുതൽ സംരക്ഷണം ലഭിക്കേണ്ട സമയത്താണ് അവർ ശിശുക്ഷേമ കേന്ദ്രങ്ങളിൽ എത്തുന്നത്. എന്നാൽ അംഗനവാടികൾക്ക് അനുവദിക്കുന്നതിന്റെ പത്തിലൊന്ന് ആനുകൂല്യം പോലും ക്രഷുകളിൽ ലഭിക്കുന്നില്ല. പിരിഞ്ഞ് പോകുമ്പോൾ ഒരു ആനുകൂല്യവും ലഭിക്കാത്ത ടീച്ചർമാരും സഹായികളും സർക്കാരിന്റെ കരുണ കാത്തിരിക്കുകയാണ്, ഒന്നുമറിയാത്ത പിഞ്ചോമനകളെ നെഞ്ചോട് ചേർത്ത് താലോലിച്ച്.