കണ്ണൂർ: പതിനഞ്ചുകാരിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസിൽ അറസ്റ്റിലായി കണ്ണൂർ ജയിലിൽ റിമാന്‍റിൽ കഴിയുന്ന തലശ്ശേരി കുയ്യാലിയിലെ വ്യവസായ പ്രമുഖനായ ഷറാറ ഷർഫുദ്ദീന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. തലശ്ശേരി ഒന്നാം അഡീഷണൽ ജില്ലാ ജഡ്‌ജ് എ.വി. മൃദുലയാണ് ഹർജി തള്ളിയത്.
ജൂൺ 28നാണ് ഷറാറ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഉടമയായ ഷർഫുദ്ദീനെ ധർമ്മടം പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ധർമ്മടം സ്റ്റേഷൻ പരിധിയിൽ താമസക്കാരിയായ പെൺകുട്ടിക്ക് വീടും സാമ്പത്തിക സഹായവും നൽകാമെന്ന് വാഗ്‌ദാനം ചെയ്ത് ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. പെൺകുട്ടിയുടെ ഇളയമ്മയും ഭർത്താവുമാണ് കുട്ടിയെ വ്യവസായ പ്രമുഖന് ഏൽപിച്ചത്.
READ MORE: പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമം: തലശ്ശേരിയിലെ വ്യവസായ പ്രമുഖൻ അറസ്റ്റിൽ
ഇതേ സംഭവത്തിൽ പെൺകുട്ടിയുടെ ഇളയമ്മയുടെ ഭർത്താവിനെ നേരത്തേ കതിരൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കതിരൂർ ആറാം മൈലിലെ വീട്ടിൽ വച്ച് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. അതിനുശേഷം ഇയാളും ഇളയമ്മയും ചേർന്ന് പെൺകുട്ടിയെ ഷർഫുദ്ദീന് കാഴ്‌ചയ്‌ക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇരയായ പെൺകുട്ടിയുടെ രഹസ്യമൊഴി തലശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് രുഗ്‌മ എസ്. രാജ് വെള്ളിയാഴ്‌ച രേഖപ്പെടുത്തി.