കണ്ണൂർ: ചെറുപുഴ പഞ്ചായത്തിലെ കാനംവയല്‍ ചേന്നാട്ടുകൊല്ലിയിൽ കാട്ടാനകളുടെ ആക്രമണം. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് അഞ്ച് കാട്ടാനകൾ ചേന്നാട്ടുകൊല്ലിയിലെ മുല്ലപ്പള്ളി ബിനുവിന്റെ കൃഷിയിടത്തിൽ ഇറങ്ങിയത്. സമീപത്തെ റോഡിലും ആനകൾ തമ്പടിച്ചു. പൂച്ചാലിൽ ലിജോയും കുടുംബവും സഞ്ചരിച്ച കാര്‍ ആനയുടെ മുന്നിൽ അകപ്പെട്ടു. തലനാരിഴക്കാണ് ആക്രമണത്തിൽ നിന്നും കുടുംബം രക്ഷപെട്ടത്. നാട്ടുകാർ മണിക്കൂറുകളോളം ശ്രമിച്ചതിന് ശേഷമാണ് ആനകളെ തുരത്താന്‍ സാധിച്ചത്.
പാട്ടത്തിന് കൃഷി നടത്തിയ പൂച്ചാലി സണ്ണിയുടെ വാഴകൃഷി പൂർണമായും ആനകള്‍ തകർത്തു. 500 കുലച്ച നേന്ത്രവാഴകളിൽ ഇനി വിരലിലെണ്ണാവുന്ന വാഴകൾ മാത്രമാണ് ബാക്കിയുള്ളത്. വായ്പയെടുത്തും മറ്റുമാണ് സണ്ണി കൃഷിയിറക്കിയത്. ഇതോടെ തെങ്ങുകയറ്റ തൊഴിലാളി കൂടിയായ സണ്ണിയുടെ ജീവിതം പ്രതിസന്ധിയിലായിരിക്കുകയാണ്. കർണാടകത്തിൽ നിന്നും എത്തുന്ന കാട്ടാനകൾ ഇപ്പോൾ ദിവസങ്ങളായി ഓരോ കൃഷിയിടങ്ങളിലാണ് തമ്പടിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റിനെയും അധികൃതരെയും വിവരം അറിയിച്ചെങ്കിലും ഇതുവരെ സ്ഥലം സന്ദർശിക്കാൻ പോലും ആരും തയ്യാറായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. പഞ്ചായത്ത് ഭരണാധികാരികളുടെയും അധികൃതരുടെയും അവഗണനക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.