കണ്ണൂര്‍: കൊവിഡ് 19 രോഗത്തെ പ്രതിരോധിക്കാന്‍ ലോകം മുഴുവന്‍ വീടുകളിലേക്കൊതുങ്ങുമ്പോൾ ജന്മസിദ്ധമായി ലഭിച്ച കലയെ തേച്ചുമിനുക്കുകയാണ് ബിജേഷ് മുണ്ടേരി എന്ന കലാകാരന്‍. വീടിന്‍റെ ചുമരിലും തൂണിലുമെല്ലാം മനോഹര ചിത്രങ്ങൾ വരച്ച് വിശ്രമവേളകൾ ആനന്ദകരമാക്കുകയാണ് എഴുത്തുകാരന്‍ കൂടിയായ ഇദ്ദേഹം. ചിത്രരചനയ്‌ക്ക് പുറമെ വേരുകളും പാഴ്‌വസ്‌തുകളുമുപയോഗിച്ചുള്ള കരകൗശല നിർമാണത്തിലും ബിജേഷ് കഴിവ് തെളിയിക്കുന്നു.
സിനിമാ-സീരിയൽ-നാടക മേഖലകളിൽ കലാസംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുള്ള ബിജേഷ് 'വല' എന്ന കവിതാ സമാഹാരത്തിന്‍റെ രചയിതാവ് കൂടിയാണ്. കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ ബിസിനസ് ഡവലപ്പ്‌മെന്‍റ് എക്‌സിക്യൂട്ടീവായി ജോലി ചെയ്യുന്ന ബിജേഷിന് എല്ലാവിധ പിന്തുണയുമായി അമ്മ പ്രസന്നയും തില്ലാന്നൂർ യുപി സ്‌കൂൾ ടീച്ചറായ ഭാര്യ മഹിതയും മകൻ രുദ്രാക്ഷുമടങ്ങുന്ന കുടുംബം ഒപ്പമുണ്ട്. ബിജേഷിന്‍റെ കലാസാഹിത്യ പ്രവർത്തനങ്ങൾക്ക് നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.