കണ്ണൂര്‍ : നൂറ്റാണ്ടുകള്‍ക്ക് മുമ്പ് വടക്കേ മലബാറിനെ അടക്കി ഭരിച്ചിരുന്ന ഇന്നും ചരിത്ര പ്രാധാന്യം വിളിച്ചേതുന്ന കേരളത്തിലെ ഏക മുസ്ലിം രാജവംശമാണ് അറക്കല്‍. സ്വതന്ത്രമായി അധികാരവും ഭരണവുമുണ്ടായിരുന്ന രാജവംശം കൂടിയാണ് അറക്കല്‍. ബ്രിട്ടന്‍, ഡച്ച്, പോര്‍ച്ചുഗീസ്, എന്നീ വിദേശ ശക്തികള്‍ പടയോട്ടം നടത്തിയതടക്കം ചരിത്രപ്രധാന്യമുള്ള ഇടം.
അറക്കല്‍ രാജവംശത്തിന്‍റെ ആസ്ഥാനമായ കണ്ണൂര്‍ സിറ്റി പൈതൃകപരമായി ധാരാളം പ്രധാന്യമുള്ളതാണ്. നിരവധി ചരിത്ര ശേഷിപ്പുകളുള്ള അറക്കല്‍ കെട്ടിടത്തിന്‍റെ ഒരുഭാഗത്തുള്ള സ്ഥലം തുറമുഖ വകുപ്പിന് കീഴിലാണ്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് വടക്കേ മലബാറിലെ മുസ്ലിം സമുദായങ്ങളുടെ മുഴുവന്‍ നേതൃത്വം അറക്കലിനായിരുന്നു.
വിദേശ രാജ്യങ്ങളുമായി നിരവധി വാണിജ്യ ബന്ധങ്ങളുണ്ടായിരുന്ന രാജവംശം അതിലൂടെയാണ് സാമ്പത്തിക അടിത്തറ വിപുലപ്പെടുത്തിയത്. നൂറ്റാണ്ടുകളുടെ ചരിത്ര പ്രധാന്യമുണ്ടായിരുന്നിട്ടും അവയെല്ലാം വിശേഷണങ്ങളില്‍ ഒതുങ്ങുക മാത്രമാണിപ്പോള്‍. രാജവംശത്തിന്‍റെ പണ്ടാര സ്വത്തുക്കള്‍ അടക്കം ഇപ്പോള്‍ നാശത്തിന്‍റെ വക്കിലാണ്.
രാജാക്കന്മാരും പ്രഭുക്കളും സമ്മേളിച്ചിരുന്ന ദര്‍ബാര്‍ ഹാള്‍ മാത്രമാണിപ്പോള്‍ മ്യൂസിയമായി നിലകൊള്ളുന്നത്. ബാക്കി വരുന്ന മുഴുവന്‍ കെട്ടിടങ്ങള്‍ നിലംപൊത്താറായ അവസ്ഥയിലാണ്. മാറിമാറി വരുന്ന സര്‍ക്കാറുകള്‍ ഇത് സംരക്ഷിക്കുന്നതിനായി നിരവധി പദ്ധതികള്‍ മുന്നോട്ടുവച്ചെങ്കിലും അവയെല്ലാം വാക്കുകളിലൊതുങ്ങി.
അധികാരികള്‍ പ്രഖ്യാപനങ്ങള്‍ നടത്തുന്നതല്ലാതെ നടപടിയെടുക്കാനുള്ള മാര്‍ഗരേഖയുമായി ഇതുവരെ രാജവംശത്തെ സമീപിച്ചിട്ടില്ലെന്നാണ് സിറ്റി ഹെറിറ്റേജ് ഫൗണ്ടേഷന്‍ അധികൃതർ പറയുന്നത്. 2002ല്‍ എ.കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ആദ്യമായി 90 ലക്ഷം രൂപ ചെലവാക്കി ഇതിന്‍റെ പുനരുദ്ധാരണം നടത്തിയത്. പിന്നീട് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ മ്യൂസിയം സന്ദര്‍ശിക്കുകയും വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.
അതിന് പിന്നാലെ പൊട്ടിയ ഓടുകള്‍ മാറ്റുന്നതിനായി സര്‍ക്കാര്‍ 25 ലക്ഷം രൂപ അനുവദിച്ചു. ഓടുകള്‍ മാറ്റുന്ന പ്രവര്‍ത്തി ഇപ്പോള്‍ നടക്കുകയാണ്. എന്നാല്‍ തീരദേശ ഹൈവേ റോഡ് വികസനത്തിന്‍റെ ഭാഗമായി പൈതൃക കെട്ടിടങ്ങളുടെ നടുവിൽ അതിരടയാളകല്ലുകൾ സ്ഥാപിച്ചത് തലതിരിഞ്ഞ വികസനത്തിന്‍റെ വേദനയേറിയ കാഴ്‌ചയാണ്.
കെട്ടിടത്തിന്‍റെ സംരക്ഷണം ആവശ്യപ്പെട്ട് അറക്കൽ രാജവംശം നിരവധി തവണ ജില്ലാ ഭരണകൂടത്തെ കണ്ട് നിവേദനം നൽകി. സംരക്ഷണ നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന മറുപടി പക്ഷേ ഫലം കണ്ടില്ല. സര്‍ക്കാര്‍ പിന്തിരിയുന്ന പക്ഷം സ്വകാര്യ പങ്കാളിത്തവും സഹകരണവും ഉറപ്പ് വരുത്തി ഇതിന്‍റെ സംരക്ഷണം നടത്തുന്ന കാര്യം ബന്ധപ്പെട്ടവര്‍ പരിഗണിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ കെട്ടിടവും നൂറ്റാണ്ടിന്‍റെ ചരിത്രമുറങ്ങുന്ന അറക്കലിന്‍റെ ഓര്‍മകളും ഇനിയും നിലനിര്‍ത്താനാകൂ.