കണ്ണൂർ: രാമനാട്ടുകര വാഹനാപകടവുമായി ബന്ധപ്പെട്ട സ്വർണക്കടത്തിൽ മുഖ്യ ആസൂത്രകനെന്ന് സംശയിക്കുന്ന അർജ്ജുൻ ആയങ്കിയുടെ ഭീഷണി സന്ദേശം പുറത്തുവന്നു. സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘാംഗത്തെ അർജ്ജുൻ ആയങ്കി ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
''സ്വർണം ഒറ്റയ്ക്ക് കൈക്കലാക്കാൻ ശ്രമിച്ചാൽ നാട്ടിലിറങ്ങാൻ സമ്മതിക്കില്ല. 'സ്വർണ്ണം തിരിച്ച് തന്നില്ലെങ്കിൽ നിന്നെ കൈകാര്യം ചെയ്യും. പാനൂരും മാഹിയിലുമുള്ള പാർട്ടിക്കാരും ഞങ്ങളുടെ സംഘത്തിലുണ്ട്. രക്ഷിക്കാൻ ആരുമുണ്ടാകില്ല", ഇതായിരുന്നു അർജ്ജുന്‍റെ ഭീഷണി.
അർജ്ജുന്‍റെ ഫേസ്ബുക്ക് കുറിപ്പ്
ഒളിവിലുള്ള അർജ്ജുനായി പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കുമെന്നറിയിച്ച് അർജ്ജുൻ ആയങ്കി ഫേസ്ബുക്കിൽ കുറിപ്പെഴുതിയിട്ടുണ്ട്. ഡിവൈഎഫ്ഐയുടെ മെമ്പർഷിപ്പിൽ നിന്നും പുറത്തുവന്ന ആളാണ് താനെന്നും തനിക്കെതിരായ ആരോപണങ്ങൾക്ക് മറുപടി പറയേണ്ട ബാധ്യത പാർട്ടിക്കില്ലെന്നും അർജ്ജുൻ ഫേസ്‌ബുക്ക് കുറിപ്പിൽ വിശദീകരിച്ചു.
കാറിനായി തെരച്ചിൽ തുടരുന്നു
വെള്ളിയാഴ്ച അർജ്ജുൻ ആയങ്കിയുടെ കാർ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കണ്ണൂർ അഴീക്കൽ ഷിപ് യാർഡ് റോഡിലെ പഴയ കെട്ടിടത്തിലാണ് വാഹനം ഒളിപ്പിച്ചിരുന്നത്. ഈ ചുവന്ന സ്വിഫ്‌റ്റ് കാറിലാണ് അർജുൻ ആയങ്കി കരിപ്പൂർ വിമാനത്താവളത്തിലെത്തിയത് എന്നാണ് ലഭ്യമാകുന്ന വിവരം.
Also Read: രാമനാട്ടുകര വാഹനാപകടം; അർജുൻ ആയങ്കിയുടെ കാർ ഒളിപ്പിച്ച നിലയിൽ
ബുധനാഴ്‌ച അർജ്ജുൻ ആയങ്കിയുടെ വീട്ടിൽ കസ്‌റ്റംസ് റെയ്‌ഡ് നടത്തിയിരുന്നു. കണ്ണൂരിലെ അഴീക്കോട് കപ്പക്കടവിലെ വീട്ടിൽ ആണ് കസ്‌റ്റംസ് പ്രിവന്‍റീവ് വിഭാഗം റെയ്‌ഡ് നടത്തിയത്. കൊലക്കേസ് പ്രതി ആകാശ് തില്ലങ്കെരി അടക്കമുള്ളവരുമായി അർജ്ജുന് അടുത്ത ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. സ്വർണക്കടത്തിൽ ഇടനിലക്കാരനായിരുന്നു ഇയാളെന്നും സൂചന ലഭിച്ചിട്ടുണ്ട്.