കണ്ണൂർ: ഭിന്നശേഷിക്കാരുടെ ദേശീയ കായിക മേളയിലേക്ക് കേരളത്തിൽ നിന്നും യോഗ്യത നേടിയതിന്റെ സന്തോഷത്തിലാണ് കണ്ണൂർ ശ്രീകണ്ഠാപുരം സാൻജോർജിയ സ്പെഷ്യൽ സ്കൂളിലെ അനു.കെ.ചാക്കോ. കണ്ണൂരിൽ നടന്ന മേളയിൽ 100 മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനവും, ഷോട്ട് പുട്ടിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയാണ് അനുമോൾ ദേശീയ മീറ്റിന് യോഗ്യത നേടിയത്.
കേരളത്തിൽ നിന്നും 16 പേരാണ് ദേശീയ മീറ്റിൽ പങ്കെടുക്കുന്നത്. പയ്യാവൂർ ചമതച്ചാൽ സ്വദേശിയായ ചാക്കോ കൊച്ചുമലയിലിന്റെ മകളാണ് അനു. മകളുടെ നേട്ടങ്ങൾക്ക് പിന്നിൽ സ്പെഷ്യൽ സ്കൂളിലെ കന്യാസ്ത്രീകളാണെന്ന് ചാക്കോ പറയുന്നു.
അഞ്ച് വയസുവരെ ആരോഗ്യവതിയായിരുന്ന അനുവിന് ഒരു പനി വന്നതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. ആദ്യം വലത് കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെട്ടു. പിന്നീട് അത് ഇടത് കണ്ണിനേയും ബാധിച്ചു. വലത് കൈക്കും വലതുകാലിനും ബല കുറവും ഉണ്ടായി. കാഴ്ച തിരിച്ചുകിട്ടാൻ നിരവധി ചികിത്സ നടത്തിയതിന് പിന്നാലെ 10 വയസോടെ നേരിയ തോതിൽ കാഴ്ച്ച തിരിച്ചുകിട്ടി. ഇടത് കൈകൊണ്ടാണ് എല്ലാം ചെയ്യുന്നത്. 10 വയസ്സ് കഴിഞ്ഞാണ് എടൂർ വികാസ് ഭവനിൽ അനുവിനെ പഠിക്കാൻ ചേർത്തത്. ഏഴാം ക്ലാസ് തുല്യത പരീക്ഷ എഴുതി വിജയിക്കുകയും ചെയ്തു. 2012 മുതൽ സാൻജോർജിയ സ്കൂളിലാണ് പഠിക്കുന്നത്.
തന്‍റെ നേട്ടത്തിന് പിന്നിൽ അച്ഛന്‍റെയും അധ്യാപകരുടെയും സഹോദരങ്ങളുടെയും സഹായവും സ്നേഹവുമാണെന്നാണ് അനുമോൾ പറയുന്നത്. ഇങ്ങനെ ഒരു അവസരം ലഭിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്നും എല്ലാവർക്കും നന്ദി ഉണ്ടെന്നും അനുമോൾ പറഞ്ഞു.
ജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും എല്ലാം തരണം ചെയ്ത് ഉയരങ്ങളിലേക്ക് കുതിക്കാനൊരുങ്ങുകയാണ് ഈ ഇരുപതുകാരി.