കണ്ണൂർ: വിവാദം കത്തിപ്പടർന്ന ആന്തൂരിലെ പ്രവാസി വ്യവസായി സാജൻ പാറയിൽ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പൂർത്തിയായി. റിപ്പോർട്ട് ഇന്ന് തളിപ്പറമ്പ് ആർഡിഒയ്ക്ക് മുന്നിൽ സമർപ്പിക്കും. ആരോപണ വിധേയരായ ആന്തൂർ നഗരസഭാ ചെയർപേഴ്‌സൺ പി.കെ ശ്യാമള, നഗരസഭാ സെക്രട്ടറി, ടെക്‌നിക്കൽ എഞ്ചിനിയർ എന്നിവർക്ക് റിപ്പോർട്ടിൽ ക്ലീന്‍ ചിറ്റെന്നാണ് സൂചന. കേസിൽ പി.കെ ശ്യാമളയ്ക്ക് യാതൊരു പങ്കുമില്ലെന്നും ഭരണപരമായ വീഴ്‌ച സംഭവിച്ചിട്ടില്ലെന്നുമാണ് കണ്ടെത്തൽ. എന്നാൽ, ഉദ്യോഗസ്ഥതലത്തിൽ കെട്ടിടത്തിന് പ്രവർത്തനാനുമതി നൽകുന്ന വിഷയത്തിൽ കാലതാമസമുണ്ടായെന്നാണ് അന്വേഷണ റിപ്പോർട്ട് നൽകുന്ന സൂചന.
2019 ജൂൺ 18നാണ് ബക്കളം പാർത്ഥാസ് കൺവെൻഷൻ സെന്‍റർ ഉടമ കണ്ണൂർ കൊറ്റാളിയിലെ സാജൻ പാറയിൽ ആത്മഹത്യ ചെയ്‌തത്. ആന്തൂർ നഗരസഭ അനുമതി നൽകാത്തതാണ് സിപിഎം അനുകൂലിയായ സാജൻ ആത്മഹത്യ ചെയ്യാൻ കാരണമെന്ന ആരോപണം ഉയർന്നിരുന്നു. ഇതിനെ തുടർന്ന് സിപിഎമ്മിലും ഭരണതലത്തിലും ഏറെ വിമർശനങ്ങൾ ഉയരുകയും പി.കെ ശ്യാമളയ്ക്കെതിരെ നടപടി വേണമെന്ന് ഒരു വിഭാഗം വാദിക്കുകയും ചെയ്‌തിരുന്നു.
സിപിഎം കോട്ടയായ ആന്തൂരിൽ പാർട്ടി അനുഭാവിയായ വ്യവസായി ആത്മഹത്യ ചെയ്‌തതിൽ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി ഗോവിന്ദന്‍റെ ഭാര്യ പി.കെ ശ്യാമളയുടെ പിടിവാശിയാണെന്ന ആരോപണം നിയമസഭയിലും ഉയർന്നിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സമര പരമ്പരയും നടത്തി. ഇതിനെ തുടർന്ന് സിപിഎം രാഷ്ട്രീയ വിശദീകരണ യോഗം വിളിച്ചു ചേർത്തു. എന്നാൽ, വിഷയത്തിൽ നഗരസഭാ ചെയർപേഴ്‌സണ് വീഴ്‌ച പറ്റിയെന്ന പി.ജയരാജന്‍റെ വിമർശനം സിപിഎമ്മിലെ ഭിന്നത മറനീക്കി പുറത്തുവന്നു. പിന്നീട്, ഈ നിലപാട് സംസ്ഥാന നേതൃത്വം തിരുത്തി പി.കെ ശ്യാമളയ്ക്ക് പിന്തുണയുമായെത്തി. കൂടാതെ, സാജന്‍റെ മരണത്തിന് കാരണം ഭാര്യയുമായി ബന്ധപ്പെട്ട കുടുംബ പ്രശ്നമാണെന്ന രീതിയിൽ പാർട്ടി പത്രത്തിൽ അവതരിപ്പിച്ചതും ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. സംസ്ഥാനമാകെ കോളിളക്കം സൃഷ്ടിച്ച സാജൻ പാറയിലിന്‍റെ ആത്മഹത്യ കണ്ണൂർ നാർക്കോട്ടിക്ക് ഡിവൈഎസ്‌പി വി.എം കൃഷ്ണദാസ്, വളപട്ടണം സിഐ എം. കൃഷ്ണൻ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷിച്ചത്.