കണ്ണൂർ: വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി ചെറുകുന്നിലെ അന്നപൂർണേശ്വരി ക്ഷേത്രം. വിഷുവിളക്ക് ഉത്സവത്തിന്‍റെ ഭാഗമായി ക്ഷേത്ര മുറ്റത്ത് കൂറ്റന്‍ വട്ടപ്പന്തല്‍ ഒരുങ്ങി. വിഷുദിനമായ ഏപ്രില്‍ 14നാണ് ക്ഷേത്രത്തിലെ ഉത്സവം. 111 തേക്കിന്‍ തടികള്‍, 6,000 മടല്‍ മെടഞ്ഞ ഓല, 1,600 മുള എന്നിവ ഉപയോഗിച്ചാണ് പന്തല്‍ ഒരുങ്ങിയത്. 100ല്‍പ്പരം മനുഷ്യരുടെ അധ്വാനത്തിന്‍റെ ഫലമാണ് ക്ഷേത്ര മുറ്റത്തെ ഈ പന്തല്‍.
വിഷുവിളക്ക് ഉത്സവവും അതിന്‍റെ തുടക്കവും: മേട സംക്രമം മുതൽ മേടം ഏഴുവരെ അന്നപൂര്‍ണേശ്വരി ക്ഷേത്രത്തില്‍ നടക്കുന്ന വലിയ ഉത്സവമാണ് വിഷുവിളക്ക് ഉത്സവം. ഏഴുദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവം ആനയുടെ അകമ്പടിയോടെയാണ് ആഘോഷിക്കുന്നത്. മേടം രണ്ടിന് ചെറുകുന്ന്, മൂന്നിന് കണ്ണപുരം, നാലിന് ഇരിണാവ്, ആറിന് പറശിനി എന്നീ ദേശവാസികളുടെ വക കാഴ്‌ച്ചവരവും വെടിമരുന്ന് പ്രയോഗവും ഉണ്ടാകും.
വർഷംതോറും നടക്കുന്ന ഉത്സവത്തിലെ പ്രധാന ആകർഷണം ക്ഷേത്രത്തിന് മുന്നിലും ചുറ്റിലുമായി നിർമിക്കുന്ന ഈ വട്ടപന്തലാണ്. ഇതിന്‍റെ നിര്‍മാണത്തിന് തുടക്കം കുറിക്കുന്നത് എല്ലാ വർഷവും മലയാള മാസം ധനു രണ്ടിനാണ്. പന്തലിനാവശ്യമായ 111 തേക്കിൻ തൂണുകൾ നാട്ടുകാരുടെ ശ്രമദാനമായി ഉയർത്തുകയും ചെയ്യും. എട്ടുലക്ഷം രൂപ ചെലവിൽ ഏകദേശം ഒരു മാസത്തോളം സമയമെടുത്താണ് ഓരോ വർഷവും ക്ഷേത്രത്തിൽ വട്ടപ്പന്തൽ നിർമിക്കുന്നത്. ദേവിയുടെ വിവാഹം എന്ന സങ്കല്‍പവും ഈ പന്തലിനുണ്ട്. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്‌ഠ മഹാവിഷ്‌ണു ആണെങ്കിലും പ്രാധാന്യം അന്നപൂർണേശ്വരി ദേവിക്കാണ്.
ക്ഷേത്രവും ഐതിഹ്യവും: പരശുരാമനാണ് ഈ ക്ഷേത്രം നിർമിച്ചതെന്നാണ് ഐതിഹ്യം. വല്ലഭൻ രണ്ടാമനാണ് അന്നപൂർണേശ്വരി ക്ഷേത്രം പണികഴിപ്പിച്ചതെന്നും പറയപ്പെടുന്നുണ്ട്. കാലപ്പഴക്കത്താൽ ക്ഷേത്രം നശിക്കാറായപ്പോൾ 1866ൽ അവിട്ടം തിരുനാൾ രാജാവ് ക്ഷേത്ര പുനർനിർമാണം ആരംഭിച്ചു. അദ്ദേഹത്തിന്‍റെ കാലശേഷം കേരളവർമ രാജാവ് പണിപൂർത്തിയാക്കുകയും ചെയ്‌തു.
നൂറ്റാണ്ടുകൾക്ക് മുമ്പ് നിരവധി പട്ടിണി പാവങ്ങളുള്ള ഗ്രാമങ്ങളായിരുന്നു പാപ്പിനിശേരി, കണ്ണപുരം, ചെറുകുന്ന് എന്നിവ. കാശിയിലെ അന്നപൂർണേശ്വരി ദേവി മൂന്ന് തോഴിമാരും ഒരുപാട് ഭക്തരുമായി ഒരു കപ്പലിൽ ഇങ്ങോട്ടുവന്നു. നാട്ടില്‍ പട്ടിണിയാണെന്ന് മനസിലാക്കിയ ദേവി അത് മാറ്റിയെടുക്കുന്നതിനെ പറ്റി ചിന്തിച്ചുകൊണ്ടിരുന്നു. അതിനിടെ, ചിറക്കല്‍ രാജാവ് എഴുന്നള്ളി അന്നപൂര്‍ണേശ്വരി ദേവിയെ ക്ഷേത്രം നില്‍ക്കുന്ന സ്ഥാനത്ത് പ്രതിഷ്‌ഠിച്ചു എന്നാണ് വിശ്വാസം.
തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ നിന്നും പരമശിവൻ തന്‍റെ ഭാര്യയായ അന്നപൂർണേശ്വരിയെ സന്ദർശിക്കാൻ ദിവസവും അത്താഴപൂജക്ക് ശേഷം ചെറുകുന്നിലെത്തുമെന്നാണ് മറ്റൊരു സങ്കല്‍പം. ഒരു നാടിന്‍റെ പട്ടിണി മാറ്റിയ ദേവിയായതിനാൽ തന്നെ ക്ഷേത്രത്തിൽ എത്തുന്ന ഭക്തർക്ക് രണ്ടുനേരം പ്രസാദ ഊട്ടും അമ്പലത്തിലുണ്ട്. ക്ഷേത്രത്തിലെ പ്രധാന വഴിപാട് അന്നദാനം തന്നെയാണ്. ഉത്സവശേഷം പന്തലിന് ആവശ്യമായ മുളയും ഓലയും ലേലം ചെയ്യാറാണ് പതിവ്.