കണ്ണൂര്‍: തലശ്ശേരി പിണറായിയില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടി പരിശീലന കേന്ദ്രത്തിന് ശാപമോക്ഷം (Anganwadi Training Center In Pinarayi). 2008 മുതല്‍ പിണറായിയില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പരിശീലന കേന്ദ്രം 2017 ല്‍ വെട്ടൂട്ടായി പുത്തന്‍കണ്ടത്ത് പഞ്ചായത്തിന്‍റെ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. കേന്ദ്ര ഫണ്ട് ഉപയോഗിച്ചായിരുന്നു അങ്കണവാടി പരിശീലന കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്.
കേന്ദ്ര ഫണ്ട് നിലച്ചതോടെ സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് നല്‍കിയാണ് പ്രവര്‍ത്തനം തുടര്‍ന്ന് പോന്നത്. ഇപ്പോള്‍ വനിതാ ശിശുവികസന വകുപ്പ് നേരിട്ടാണ് പരിശീലന കേന്ദ്രം നടത്തുന്നത്. വനിതാ ശിശുവികസന വകുപ്പ് കേന്ദ്രം ഏറ്റെടുത്തതോടെ നേരത്തെ ഉണ്ടായിരുന്ന 12 ജീവനക്കാര്‍ക്ക് ജോലി നഷ്‌ടപ്പെട്ടിരുന്നു.
ഇതുവരെ ജോലി ചെയ്‌തിരുന്ന മുഴുവന്‍ ജീവക്കാരുടേയും തൊഴില്‍ സംരക്ഷിക്കണമെന്നും മുമ്പ് പരിശീലനങ്ങള്‍ക്ക് ചെലവാക്കിയ തുക പൂര്‍ണമായും അനുവദിച്ചു കിട്ടണമെന്നുമാണ് ജീവക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. അങ്കണവാടി പരിശീലനകേന്ദ്രം പിണറായിയില്‍ തന്നെ നിലനിര്‍ത്താനും അടുത്ത ബാച്ച് മുതല്‍ പരിശീലനം പിണറായിയില്‍ ആരംഭിക്കാനും തീരുമാനമായി. ഒപ്പം ഇവിടെ ജോലി ചെയ്‌തിരുന്ന 12 പേരുടേയും ജോലി സംരക്ഷിക്കാനും തത്വത്തില്‍ ധാരണയായി.
സ്വന്തം ഉടമസ്ഥതയിലുളള കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അങ്കണവാടി പരിശീലനകേന്ദ്രം മൂന്ന് മാസം മുമ്പ് പൂട്ടി പരിയാരത്തെ വാടക കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു. ഇതോടെയാണ് ഇവിടെ ജോലി ചെയ്‌തിരുന്ന 12 പേരുടേയും തൊഴില്‍ നഷ്‌ടപ്പെട്ടത്. പിണറായി പഞ്ചായത്ത് പ്രസിഡണ്ട് കെ കെ രാജീവന്‍, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, അങ്കണവാടി പ്രോഗ്രാം ഓഫിസര്‍ സി എ ബിന്ദു, പഞ്ചായത്ത് സെക്രട്ടറി ടി കെ ജസിന്‍, മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ദിനേഷ് ഭാസ്‌ക്കര്‍ എന്നിവര്‍ യോഗം ചേര്‍ന്നാണ് പരിശീലന കേന്ദ്രം പിണറായിയില്‍ തന്നെ നിലനിര്‍ത്താന്‍ തീരുമാനിച്ചത്.
അങ്കണവാടി കെട്ടിട നിർമാണം ആരംഭിക്കണമെന്ന് നാട്ടുകാർ: കുറുവോട്ടു മൂല അങ്കണവാടിയുടെ പുതിയ കെട്ടിടത്തിന്‍റെ പ്രാരംഭ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അഞ്ച് മാസമായിട്ടും ആരംഭിക്കാത്തതിനെതിരെ നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. കുറ്റ്യാട്ടൂർ പഞ്ചായത്തിലെ 7-ാം വാർഡ് കുറുവോട്ടു മൂലയിൽപെടുന്ന അങ്കണവാടി കാലപഴക്കത്തെ തുടർന്നാണ് താത്‌കാലിക കെട്ടിടത്തിലേക്ക് മാറ്റിയത്.
അങ്കണവാടി സർക്കാര്‍ അധീനതയിലുള്ള അഞ്ച് സെന്‍റ് സ്ഥലത്തായിരുന്നു സ്ഥിതി ചെയ്‌തിരുന്നത്. 1976 ൽ അന്നത്തെ എംഎൽഎ ആയിരുന്ന എം വി രാഘവൻ ആണ് അങ്കണവാടി ഉദ്ഘാടനം ചെയ്‌തത്. പിന്നീട് നവീകരണത്തിന്‍റെ ഭാഗമായി നീന്തൽ കുളം ഉൾപ്പടെ നിർമിച്ച് പുതുക്കി പണിതു. എന്നാല്‍ കാലപഴക്കത്തെ തുടര്‍ന്ന് അഞ്ച് മാസം മുമ്പ് സമീപത്തെ വായനശാലയിലേക്ക് അങ്കണവാടി മാറ്റി.
അതേസമയം താത്‌കാലിക കെട്ടിടത്തിലേക്ക് അങ്കണവാടി മാറ്റി, 5 മാസം പിന്നിട്ടിട്ടും പുതിയ കെട്ടിടത്തിന് വേണ്ട പ്രാരംഭ പ്രവർത്തികൾ പോലും നടത്തിയില്ല എന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്. മലയോര പ്രദേശമായതിനാൽ താത്‌കാലികമായി പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് കുട്ടികളെ എത്തിക്കാൻ രക്ഷിതാക്കളും ഏറെ ബുദ്ധിമുട്ടുകയാണ്.