തിരുവനന്തപുരം: വ്യാജ ആരോപണം ഉന്നയിച്ചു എന്ന പേരില്‍ വാച്ച് ആൻഡ് വാർഡുകൾക്കെതിരേയും മ്യൂസിയം എസ്‌ഐക്കെതിരേയും രമേശ് ചെന്നിത്തല സ്‌പീക്കർക്ക് നൽകിയ അവകാശ ലംഘന നോട്ടിസിന്മേൽ അന്വേഷണം. എത്തിക്‌സ് ആൻഡ് പ്രിവിലേജ് കമ്മിറ്റിക്കാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയത്. കേരള നിയമസഭയിലെ നടപടിക്രമവും കാര്യനിർവഹണവും സംബന്ധിച്ച അവകാശ ലംഘന പ്രശ്‌നം ചട്ടം 159 പ്രകാരമാണ് നിര്‍ദേശം.
കഴിഞ്ഞ നിയമസഭ സമ്മേളനകാലയളവിൽ ചട്ടം 50 പ്രകാരം പ്രതിപക്ഷം നൽകുന്ന നോട്ടിസുകൾക്ക് അവതരണാനുമതി നിഷേധിച്ചതിന് പിന്നാലെ യുഡിഎഫ് എംഎൽഎമാർ സ്‌പീക്കറുടെ മുറിക്ക് മുൻപിൽ ധർണ നടത്തിയിരുന്നു. തുടർന്ന്, അഡിഷണൽ ചീഫ് മാർഷലും വാച്ച് ആൻഡ് വാർഡും എംഎൽഎമാരെ സ്ഥലത്ത് നിന്നും മാറ്റാൻ എത്തിയതോടെയാണ് സംഘർഷമുണ്ടായത്. സംഭവത്തെ തുടർന്ന് യുഡിഎഫ് എംഎൽഎമാരായ സനീഷ് കുമാർ ജോസഫ്, കെകെ രമ എന്നിവരും അഡീഷണല്‍ ചീഫ് മാര്‍ഷല്‍ മൊയ്‌തീന്‍ ഹുസൈന്‍, സര്‍ജന്‍റ് അസിസ്റ്റന്‍റ് ഷീന എന്നിവരും പരിക്കുപറ്റി ആശുപത്രിയിൽ എത്തുകയും ചെയ്‌തിരുന്നു.
എന്നാൽ, പിന്നീടുവന്ന മെഡിക്കൽ റിപ്പോർട്ടിൽ അഡീഷണൽ ചീഫ് മാർഷലിനും മറ്റ് വാച്ച് ആൻഡ് വാർഡുമാർക്കും സംഘർഷത്തിൽ പരിക്ക് പറ്റിയില്ലെന്നാണ് മെഡിക്കൽ റിപ്പോർട്ട് വന്നത്. മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഉൾപ്പെടെ ഇവർ പരാതി നൽകി. തുടർന്ന് റോജി എം ജോൺ, പികെ ബഷീർ, അൻവർ സാദത്ത്, ഐസി ബാലകൃഷ്‌ണൻ, അനൂപ് ജേക്കബ്, കെകെ രമ, ഉമ തോമസ് എന്നിവർക്കും കണ്ടാൽ അറിയാവുന്ന അഞ്ച് പേർക്കെതിരെയും മ്യൂസിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. ഐപിസി 143, 147, 149, 294 (ബി), 333, 506, 326, 353 എന്നീ വകുപ്പുകള്‍ പ്രകാരം രണ്ട് വര്‍ഷം മുതല്‍ 10 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന, ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ഉള്‍പ്പെടെയുള്ളവ ചേര്‍ത്തായിരുന്നു മ്യൂസിയം പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌ത് കേസ് എടുത്തത്.
'വ്യാജ ആരോപണം ഉയർത്തി പരിഹസിക്കാന്‍ ശ്രമം': സ്‌പീക്കറുടെ മുറിക്കുപുറത്തുണ്ടായ സംഘർഷത്തിൽ വനിത സർജന്‍റ് അസിസ്റ്റന്‍റ് ഷീനയുടെ കൈയ്ക്ക് പൊട്ടലുണ്ടായെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പൊലീസിന് പരാതി നൽകിയത്. എന്നാൽ, ഷീനയ്ക്ക് പരിക്കുകൾ ഒന്നും തന്നെയില്ല എന്നാണ് പിന്നീട് മെഡിക്കൽ റിപ്പോർട്ട് വന്നത്. വ്യാജ ആരോപണം ഉയർത്തി അംഗങ്ങളെ പൊതുജനമധ്യത്തിൽ പരിഹസിക്കാനാണ് ശ്രമമെന്ന് ചൂണ്ടികാട്ടിയായിരുന്നു രമേശ് ചെന്നിത്തല സ്‌പീക്കർക്ക് അവകാശ ലംഘന നോട്ടിസ് നൽകിയത്. നിയമസഭ പരിസരത്ത് നടന്ന ഒരു പ്രശ്‌നം സംബന്ധിച്ച് സ്‌പീക്കറുടെ അനുമതിയില്ലാതെ കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണത്തിന്‍റെ ഭാഗമായി നിയമസഭ സെക്രട്ടേറിയറ്റിലെ സിസിടിവി ഫൂട്ടേജ് ഉള്‍പ്പെടെ ആവശ്യപ്പെട്ട് കൊണ്ട് നിയമസഭ സെക്രട്ടറിക്ക് കത്ത് നല്‍കുകയും ചെയ്‌തിരുന്നു.
മ്യൂസിയം പൊലീസ് സ്റ്റേഷന്‍ അധികൃതര്‍ സഭയുടെ പ്രത്യേക അവകാശങ്ങളുടെ ലംഘനം ആണ് നടത്തിയിട്ടുള്ളത്. നിയമസഭ പരിസരത്തിന്‍റെ അധികാരിയായ സ്‌പീക്കറുടെ അനുമതിയില്ലാതെ യുഡിഎഫ് എംഎല്‍എമാര്‍ക്കെതിരെ ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തെന്നും നോട്ടിസിൽ ചൂണ്ടിക്കാട്ടി. മ്യൂസിയം പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്‌ടര്‍ ജിജുകുമാര്‍ പി ഡിയുടെ നടപടി സഭയെ അവഹേളിക്കുന്നതും അംഗങ്ങളുടെ പ്രത്യേക അവകാശങ്ങളെ ലംഘിക്കുന്നതാണെന്നും അവകാശ ലംഘന നോട്ടിസിൽ രമേശ് ചെന്നിത്തല സൂചിപ്പിച്ചിരുന്നു.