കണ്ണൂർ: സമാധാനയോഗം പരാജയമല്ലെന്ന് ജില്ല കലക്ടർ ടി.വി സുഭാഷ്. ജില്ലയിൽ സമാധാനം പുനസ്ഥാപിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫിന്‍റെ ആവശ്യത്തിന് പ്രത്യേക പരിഗണന നൽകും. ആയുധധാരികളായ ആളുകളാണ് ആക്രമണത്തിന് പിന്നിൽ. പ്രാദേശിക നേതാക്കളെ പങ്കെടുപ്പിച്ച് പ്രത്യേകം സമാധാന ചർച്ച സംഘടിപ്പിക്കുമെന്നും കലക്ടർ അറിയിച്ചു.
ഒരു വിഭാഗം ബഹിഷ്കരിച്ചെന്നത് സമാധാനം പുലരില്ല എന്ന അർഥമായി ആരും കാണേണ്ടതില്ല. അത്തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിക്കരുതെന്നും കലക്ടർ ആവശ്യപ്പെട്ടു. യോഗം ബഹിഷ്കരിച്ച യുഡിഎഫ് പ്രവർത്തകർ സമാധാനത്തിന് എതിരല്ലെന്നും അവരുടെ വികാരം മനസിലാക്കുന്നുവെന്നും പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടാനുള്ള നീക്കങ്ങൾ നടത്തുന്നുണ്ടെന്നും കലക്ടറും സിറ്റി പൊലീസ് കമ്മിഷണറും അറിയിച്ചു.
Read More: കണ്ണൂരില്‍ സമാധാന യോഗം ബഹിഷ്കരിച്ച് യു.ഡി.എഫ്
അതേസമയം കേസ് ക്രൈംബ്രാഞ്ചിന് വിട്ടതായി കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ ഇളങ്കോ അറിയിച്ചു. ജില്ല ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ഇസ്മയിൽ ആണ് കേസ് അന്വേഷിക്കുക. 15 അംഗ സ്പെഷ്യൽ ടീമിനെയാണ് അന്വേഷണച്ചുമതല ഏൽപ്പിച്ചിരിക്കുന്നത്. 12 പ്രതികളിൽ ഒരാളെ അറസ്റ്റ് ചെയ്തതായും ബാക്കിയുള്ളവർക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്നും ഇവർ ഒളിവിലാണെന്നും സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു.
പാനൂരിലെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍റെ കൊലപാതകത്തിന് പിന്നാലെയുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കലക്ടര്‍ സമാധാനയോഗം വിളിച്ചിരുന്നു. എന്നാൽ കലക്ടറും സിറ്റി പൊലീസ് കമ്മിഷണറും നേതൃത്വം നല്‍കിയ യോഗത്തിൽ നിന്ന് യുഡിഎഫ് വിട്ടുനിന്നിരുന്നു. കൊലപാതകം നടന്ന് 48 മണിക്കൂറിന് ശേഷവും പ്രതികളെ പിടികൂടാൻ തയ്യാറാകാത്ത പൊലീസ് നിലപാടിൽ പ്രതിഷേധിച്ചാണ് യുഡിഎഫ് യോഗം ബഹിഷ്കരിച്ചത്.
Read More: പാനൂര്‍ കൊലപാതകം; സി.പി.എം പ്രവർത്തകന്‍ അറസ്റ്റില്‍