കണ്ണൂർ: ഐശ്വര്യകേരള യാത്രയില്‍ പങ്കെടുത്ത കണ്ണൂർ ഡിസിസി പ്രസിഡന്‍റ് സതീശന്‍ പാച്ചേനിയെ ഒന്നാം പ്രതിയാക്കി 26 യുഡിഎഫ് നേതാക്കള്‍ ഉള്‍പ്പെടെ 400 പേര്‍ക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യകേരള യാത്രയുടെ കണ്ണൂർ സമാപന സമ്മേളനം തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറിൽ ചൊവ്വാഴ്ച രാത്രി ഒന്‍പതിനാണ് നടന്നത്. പരിപാടിയിൽ പങ്കെടുത്ത സിഎംപി സംസ്ഥാന ജന.സെക്രട്ടറി സി.പി ജോണ്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയ കെപിസിസി ജന.സെക്രട്ടറി അഡ്വ.സോണി സെബാസ്റ്റ്യന്‍, ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ സതീശന്‍ പാച്ചേനി, നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കല്‍ പത്മനാഭന്‍ തുടങ്ങിയ 26 പേർക്കെതിരെയും മറ്റ് കണ്ടാലറിയാവുന്ന 400 പേര്‍ക്കെതിരെയുമാണ് കേസ്.
കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് രോഗ വ്യാപനത്തിന് ഇടയാക്കുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചു എന്നതിനാണ് കേസ്. കൂടാതെ ശ്രീകണ്‌ഠപുരത്ത് നടന്ന സ്വീകരണ പരിപാടിക്കെതിരെയും പൊലീസ് കേസെടുത്തു. മണ്ഡലം ഭാരവാഹികൾ അടക്കം 100 പേർക്കെതിരെയാണ് ശ്രീകണ്ഠപുരം പൊലീസ് കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് കേസെടുത്തിട്ടുള്ളത്.