കണ്ണൂർ: ആഫ്രിക്കൻ ഒച്ചിന്‍റെ വ്യാപനം രൂക്ഷമായതോടെ പൊറുതിമുട്ടി ജനം. കണ്ണപുരം, ചെറുകുന്ന് പഞ്ചായത്തുകളിലാണ് ആഫ്രിക്കൻ ഒച്ച് പെരുകിയത്. റെയിൽപാളത്തിനോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിലാണ് ഒച്ചിന്‍റെ ശല്യം രൂക്ഷമായിരിക്കുന്നത്.
കണ്ണപുരം റെയിൽവേ സ്‌റ്റേഷൻ പരിസരം, ചെറുകുന്ന് കണ്ണപുരം പാലം തുടങ്ങിയ മേഖലകളിലാണ് ആഫ്രിക്കൻ ഒച്ചിന്‍റെ ശല്യം കൂടിയത്. വാഴ, കറിവേപ്പില, വാഴ, തെങ്ങ് ഉൾപ്പെടെയുള്ള കാർഷിക വിളകളും ആഫ്രിക്കൻ ഒച്ചുകൾ നശിപ്പിക്കുകയാണ്. നനവ് കൂടുതലുള്ള പ്രതലങ്ങളിലാണ് ഇവ മുട്ടയിട്ട് പെരുകുന്നത്.
കൃഷി നാശത്തിനുപുറമെ കുടുംബങ്ങളുടെ സ്വൈരജീവിതത്തിനുപോലും ഇവ തടസമാവുകയാണ്. വീടുകളുടെ ചുറ്റുമതിലുകളിൽ നിറയെ ഒച്ചുകൾ വ്യാപിച്ചിരിക്കയാണ്. മേഖലയിലെ വീടുകളിലെ കിണറുകളിൽ വരെ ഇവയെ കണ്ടുതുടങ്ങി.
രാത്രിയിലാണ് ഇവ ഇഴഞ്ഞെത്തുന്നത്. തെങ്ങിന്‍റെ വേരുകൾ പോലും ഒച്ചുകൾ തിന്നു നശിപ്പിക്കുന്നതായി നാട്ടുകാർ പറയുന്നു. ആരോഗ്യ പ്രശ്‌നങ്ങൾക്കും ഇത് ഇടയാക്കുന്നുണ്ട്. ഒച്ചിനെ നശിപ്പിക്കാൻ തദ്ദേശ സ്ഥാപന അധികാരികൾ വേണ്ട നടപടികൾ എടുക്കുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി.
കഴിഞ്ഞ രണ്ട് വർഷമായി പ്രദേശത്ത് ആഫ്രിക്കൻ ഒച്ചിന്‍റെ ശല്യം രൂക്ഷമാണ്. ഇപ്പോൾ കൂടുതൽ ഭാഗങ്ങളിലേക്കും വ്യാപിച്ച് കൊണ്ടിരിക്കുകയാണ്. പല സ്ഥലങ്ങളിലും ആദ്യ ഘട്ടങ്ങളിൽ ഇവയെ പിടികൂടി നശിപ്പിച്ചിരുന്നു. എന്നാൽ പിടിച്ചതിനേക്കാൾ ഇരട്ടി പെരുകാൻ തുടങ്ങിയതോടെ എന്ത് ചെയ്യണമെന്നറിയാത്ത നിസഹായ അവസ്ഥയിലാണ് ഇവിടുത്തെ നാട്ടുകാർ.