കണ്ണൂർ: ഡോക്‌ടറാണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയില്‍ നിന്നും ആറ് ലക്ഷത്തോളം രൂപ തട്ടിയ സംഭവത്തിൽ യുവാവിനെ പരിയാരം പൊലീസ് അറസ്റ്റ് ചെയ്തു. പിലാത്തറ ചെറുതാഴം സ്വദേശിയും പിലാത്തറയിൽ സർവീസ് സെന്‍റർ ഉടമയുമായ കെ. നജീമാണ് പിടിയിലായത്.
പയ്യന്നൂര്‍ കണ്ടങ്കാളി സ്വദേശിനിയായ യുവതിയില്‍ നിന്നുമാണ് ഡോക്‌ടറെന്ന് തെറ്റിദ്ധരിപ്പിച്ച് നജീം ആറ് ലക്ഷത്തോളം രൂപ കൈക്കലാക്കിയത്. ഇയാള്‍ ഡോക്‌ടറല്ലെന്നും പറ്റിക്കപ്പെട്ടെന്നും മനസിലാക്കിയതോടെ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ALSO READ: 75 വിവാഹം, കടത്തിയത് 200ഓളം പെൺകുട്ടികളെ ; പെൺവാണിഭ കേസ് പ്രതി അറസ്റ്റിൽ
2020 ഡിസംബറിലാണ് കേസിനാസ്‌പദമായ സംഭവം. ഇയാളുടെ പേരില്‍ പത്തോളം പരാതികള്‍ വേറെയും ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. കണ്ണൂരിലെ ആശുപത്രിയിലെ ഡോക്‌ടറാണെന്ന് പരിചയപ്പെടുത്തി വാട്‌സാപ്പിലൂടെ യുവതികളുമായി അടുപ്പം സ്ഥാപിക്കും. പിന്നീട് അവരിൽ നിന്നും പണം തട്ടുകയാണ് ഇയാളുടെ രീതിയെന്നും പൊലീസ് പറയുന്നു.
പരിയാരം എസ്ഐ കെ.വി സതീശനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പരിയാരം സ്റ്റേഷനിലെ സീനിയർ സിപിഒമാരായ നൗഫൽ അഞ്ചില്ലത്ത്, എം.പി പ്രമോദ്, ഡിവൈഎസ്‌പിയുടെ സ്ക്വാഡ് അംഗങ്ങളായ മനോജ്, നികേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പയ്യന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.