കണ്ണൂര്‍: തളിപ്പറമ്പ് കുറുമാത്തൂർ ഡയറിയിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. കുറുമാത്തൂർ രാജീവ് ഗാന്ധി കോളനിയിലെ രാജേഷാണ് മരിച്ചത്. മറ്റൊരാൾക്ക് പരിക്കേറ്റു.
ശനിയാഴ്ച വൈകുന്നേരം 3.15 ഓടെ തളിപ്പറമ്പ് - ശ്രീകണ്ഠപുരം സംസ്ഥാന പാതയിലാണ് അപകടം. രാജേഷ് സഞ്ചരിച്ച പൾസർ ബൈക്കും മത്സ്യവിൽപ്പന നടത്തുകയായിരുന്ന വെള്ളാരംപാറയിലെ ഷംസുദ്ദീന്‍റെ സ്കൂട്ടറും തമ്മിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ രാജേഷ് തത്ക്ഷണം മരിച്ചു.
ഹെൽമെറ്റ് ധരിക്കാതിരുന്നത് കാരണം മരിച്ച യുവാവിന്‍റെ തലക്ക് സാരമായ പരിക്കേറ്റിരുന്നതായി പൊലീസ് അറിയിച്ചു. അപകടത്തിൽ പരിക്കേറ്റ ഷംസുദ്ദീനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജേഷിന്‍റെ മൃതദേഹം പരിയാരം കണ്ണൂർ ഗവ.മെഡി.കോളേജിലേക്ക് മാറ്റി.