കണ്ണൂർ: തളിപ്പറമ്പ് പട്ടുവം പഞ്ചായത്തിലെ കൂത്താട്ട് കുന്നിടിച്ചിൽ ഭീക്ഷണിയുള്ള കുടുംബങ്ങൾക്ക് ഒരു വർഷമായിട്ടും സർക്കാരിൽ നിന്നും സഹായം ലഭിക്കുന്നില്ലെന്ന് പരാതി. ജിയോളജി വകുപ്പ് അധികൃതരടക്കം പരിശോധന നടത്തി താമസയോഗ്യമല്ലെന്ന് പറഞ്ഞതല്ലാതെ യാതൊരു പുനരധിവാസ നടപടിയും ഇവിടെ ഇന്നുവരെ ഉണ്ടായിട്ടില്ല.
കൂത്താട് ഇടുപ്പ റോഡ് മുതൽ അധികാര കടവ് വരെയുള്ള ഒന്നര കിലോമീറ്ററോളമുള്ള പ്രദേശത്തെ കുന്നാണ് പിളർന്ന് നീങ്ങി കൊണ്ടിരിക്കുന്നത്. അനിയന്ത്രിതമായ നീരുറവ മൂലം മണ്ണും കല്ലുകളും വീടുകളിലേക്ക് വീണുകൊണ്ടിരിക്കുകയാണ്. നിരവധി വീടുകളുടെ കിണറുകൾ തകരുകയും പിറകുവശം മണ്ണ് കൊണ്ട് മൂടുകയും ചെയ്തു.
READ MORE: കട്ടപ്പനയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരം വീണ് ഒരാൾ മരിച്ചു
കഴിഞ്ഞ ഓഗസ്റ്റിൽ ഉണ്ടായ മഴയിൽ കുന്നിടിച്ചൽ ഉണ്ടാകുകയും 30 ഓളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തിരുന്നു. മഴക്കാലം മാറിയപ്പോൾ പലരും സ്വന്തം വീടുകളിലേക്ക് തിരികെ വന്നുവെങ്കിലും 4 ഓളം കുടുംബങ്ങൾ ഇപ്പോഴും വാടക വീടുകളിൽ കഴിയുകയാണ്. ഇപ്പോൾ മഴ വീണ്ടും ശക്തമായതോടെ കുന്നിടിച്ചിൽ ഭീക്ഷണിയിൽ കഴിയുകയാണ് ഇവിടെയുള്ള കുടുംബങ്ങൾ. എത്രയും പെട്ടന്ന് സർക്കാരിൽ നിന്ന് ഇതിനൊരു പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.