കണ്ണൂർ: യുഡിഎഫിനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. കേരളത്തിൽ നടക്കുന്നത് ആസൂത്രിത സമരങ്ങളാണ്. കോൺഗ്രസ് എംഎൽഎമാർ അക്രമ സമരത്തിനായി പന്തൽ കെട്ടിയിരിക്കുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു . പിഎസ്‌സി റാങ്ക് ലിസ്റ്റ് ഉദ്യോഗാര്‍ഥികളുടെ സമരം ശക്തമായ പശ്ചാത്തലത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പരാമർശം. തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് അക്രമ സമരം നടത്തുന്നത് യുഡിഎഫ് സ്ഥിരം പരിപാടിയാക്കിയിരിക്കുകയാണ്. ക്രിമിനലുകളെ ഇറക്കി അക്രമം സൃഷ്‌ടിക്കാനാണ് യുഡിഎഫ് നീക്കമെന്നും ക്രിമിനൽ സംഘങ്ങളെ ഇറക്കാൻ യുഡിഎഫ് ഗൂഢാലോചന നടത്തുന്നതായും വിജയരാഘവൻ പറഞ്ഞു.
ബിജെപിയിൽ ചേരാൻ താൽപര്യപ്പെട്ടുന്ന നേതാക്കൾക്ക് വേണ്ടി നടത്തുന്നതാണ് രമേശ് ചെന്നിത്തലയുടെ ജാഥ. മലബാർ പിന്നിട്ടതോടെ അത്തരം കാര്യങ്ങളാണ് ജാഥയിൽ ഉന്നയിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. അതേസമയം പെട്രോൾ വില കുറക്കേണ്ടത് കേരളമല്ല കേന്ദ്രമാണെന്നും സംസ്ഥാനം പെട്രോൾ വില കുറക്കണം എന്ന കേന്ദ്ര അനുകൂല പ്രചാരണം നടത്തരുതെന്നും അദേഹം കൂട്ടിചേർത്തു. കേരള ബാങ്ക് നിയമനം കോടതി പരിശോധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.