കണ്ണൂര്‍: മലയാള ഭാഷക്ക് നിരവധി സംഭാവനകള്‍ നല്‍കിയ ഡോ.ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്‍റെ ഓര്‍മ നിലനിർത്താനായി അദ്ദേഹത്തിന്‍റെ പ്രതിമ സ്ഥാപിക്കുകയാണ് പയ്യന്നൂര്‍ ബിഇഎംഎല്‍പി സ്‌കൂളില്‍. അധ്യാപകരുടെ ആഗ്രഹവും ശില്‍പിയും വിരമിച്ച അധ്യാപകനുമായ ദാമോദരന്‍ വെള്ളോറയുടെ കരവിരുതും ചേര്‍ന്നതോടെ സ്‌കൂള്‍ മുറ്റത്ത് ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്‍റെ പ്രതിമ തലയുര്‍ത്തി. രണ്ടര അടി ഉയരമുള്ള പ്രതിമ ഛായ ചിത്ര രൂപത്തിലാണ് നിര്‍മിച്ചിരിക്കുന്നത്.
ഇതോടെ കണ്ണൂര്‍ ജില്ലയില്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്‍റെ രണ്ട് പ്രതിമകളായി. നേരത്തെ തലശേരിയിലും ഇപ്പോൾ പയ്യന്നൂരിലും. പയ്യന്നൂര്‍ സൂര്യ ട്രസ്റ്റിന്‍റെ നേതൃത്വത്തിലാണ് പ്രതിമ നിര്‍മിച്ചത്. പയ്യന്നൂര്‍ എ കുഞ്ഞിരാമന്‍ അടിയോടി സ്‌മാരക വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബുദ്ധ പ്രതിമയും സൂര്യ ട്രസ്റ്റും ദാമോദരന്‍ വെള്ളോറയും ചേര്‍ന്ന് നിര്‍മിച്ചവയാണ്.
ഹെര്‍മന്‍ ഗുണ്ടര്‍ട്ട്: മലയാള ഭാഷക്ക് നിരവധി സംഭാവനകള്‍ നല്‍കിയ ജര്‍മന്‍ ഭാഷ പണ്ഡിതനാണ് ഹെര്‍മന്‍ ഗുണ്ടര്‍ട്ട്. 1814-ൽ ജർമ്മനിയിലെ സ്റ്റുട്‌ഗാർട്ടിലാണ് അദ്ദേഹം ജനിച്ചത്. 1820ല്‍ ലത്തീന്‍ സ്‌കൂളില്‍ ചേര്‍ന്ന് പഠിച്ച അദ്ദേഹം തുടര്‍ പഠനത്തിനായി മൗള്‍ബ്രോണിലെ വൈദിക വിദ്യാലയത്തിലും തുടര്‍ന്ന് ഉപരിപഠനത്തിനായി ട്യൂബിങ്ങൽ സർവകലാശാലയിലും ചേർന്നു.
പിന്നീട് സ്വിറ്റ്‌സർലൻഡിൽ പോയി ഡോക്ടർ ഓഫ് ഫിലോസഫി ബിരുദം നേടി. അതിനുശേഷം ബാസൽ മിഷനിൽ ചേർന്ന് മതപ്രചാരണത്തിന് ഇന്ത്യയിലേക്ക് തിരിച്ചു. പഠന കാലത്ത് തന്നെ ഹീബ്രു, ഫ്രഞ്ച്, ഗ്രീക്ക്, ലാറ്റിൻ, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകൾ സ്വയത്തമാക്കാന്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനായി. തുടര്‍ന്ന് 1936ല്‍ കേരളത്തിലെത്തിയ അദ്ദേഹം തലശ്ശേരിയില്‍ താമസമാക്കുകയും മതപ്രവര്‍ത്തനവും ഭാഷാപഠനവും നടത്താനും തുടങ്ങി.
മലയാളത്തില്‍ അച്ചടി പോലും തുടങ്ങിയിട്ടില്ലാത്ത അക്കാലഘട്ടത്തില്‍ ആദ്യമായി കല്ലച്ചിലുള്ള അച്ചടി തുടങ്ങിയത് ഹെര്‍മന്‍ ഗുണ്ടര്‍ട്ടാണ്. ഇതേ തുടര്‍ന്നാണ് അദ്ദേഹം പിന്നീട് രാജ്യസമാചാരം എന്ന പത്രം ആരംഭിച്ചത്. മലയാള ഭാഷയില്‍ ഗദ്യശൈലിക്ക് രൂപം കൊടുത്തവരില്‍ പ്രഥമസ്ഥാനവും അദ്ദേഹത്തിനുണ്ട്.
മതം, ചരിത്രം, സമൂഹം, ഭാഷ, വ്യാകരണം തുടങ്ങി അനേകം വിഷയങ്ങളിൽ ഗുണ്ടർട്ട് ഗ്രന്ഥങ്ങൾ രചിച്ചു. കേരളപ്പഴമ, കേരളോൽപ്പതി, പാഠമാല, പഴഞ്ചൊൽമാല, മലയാളഭാഷാ വ്യാകരണം, മലയാള രാജ്യം എന്നിവ ഗുണ്ടർട്ടിന്‍റെ മറ്റു പ്രസിദ്ധ കൃതികളാണ്. ഗുണ്ടർട്ട് തയ്യാറാക്കിയ നിഘണ്ടുവാണ് അദ്ദേഹത്തിന്‍റെ ഏറ്റവും മികച്ച കൃതി.
അനാരോഗ്യ കാരണത്താല്‍ പിന്നീട് 1859ല്‍ അദ്ദേഹം സ്വദേശത്തേക്ക് മടങ്ങിപോവുകയും അവിടെ വച്ച് 1893ല്‍ അന്തരിക്കുകയും ചെയ്‌തു.