കണ്ണൂർ: ഔദ്യോഗിക ജോലികളിൽ ഗുരുതരമായ വീഴ്ച വരുത്തിയതിനും പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറിയതിനും ശ്രീകണ്ഠാപുരം നഗരസഭ സെക്രട്ടറി എ പ്രവീണിനെ സസ്പെന്റ് ചെയ്തു. ഭിന്നശേഷിയുള്ള കുട്ടിയുടെ പെൻഷൻ തടഞ്ഞ് വെച്ചതുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവ് പി വി ഗണേഷും പ്രളയത്തിൽ ദുരിതം അനുഭവിച്ച വ്യാപാരികളെ മാനസികമായി പീഡിപ്പിക്കുന്നു എന്ന് കാണിച്ച് കെ കെ രാമചന്ദ്രനും സെക്രട്ടറിക്കെതിരെ നൽകിയ പരാതിയും സസ്പെൻഷന് കാരണമായി. കാവുമ്പായിയിൽ പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് റീസൈക്ലിങ്ങ് പ്ലാന്റിനെതിരെയുള്ള പ്രതിഷേധവുമായി ബന്ധപ്പെട്ട് ജില്ല കലക്ടറുടെ ചേംബറിൽ വിളിച്ച് ചേർത്ത യോഗത്തിൽ പങ്കെടുക്കാത്തതാണ് മറ്റൊരു വീഴ്ച.
സെക്രട്ടറി പങ്കെടുക്കാത്തത് കൊണ്ട് യോഗം നടന്നില്ലെന്നും പ്രസ്തുത വിഷയം രൂക്ഷമാക്കിയത് സെക്രട്ടറിയുടെ നിഷേധാത്മക നിലപാടാണെന്നും നഗരസഭ ചെയർമാൻ സ്ഥിരം സമിതി അധ്യക്ഷൻ, കൗൺസിലർ എന്നിവർ ആരോപിച്ചിരുന്നു. കീഴുദ്യോഗസ്ഥരുടെ മുന്നിൽ കലക്ടർ, അഡീഷണൽ ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ളവരെ പേരെടുത്ത് പറഞ്ഞ് വ്യക്തിഹത്യ നടത്തിയതായി കാണിച്ച് ചെയർമാനും സെക്രട്ടറിക്കെതിരെ പരാതി ഉന്നയിച്ചിരുന്നു. ജില്ല വികസന സമിതി യോഗത്തിൽ ഇരിക്കൂർ എംഎൽഎ സെക്രട്ടറിയുടെ നിരുത്തരപരമായ പെരുമാറ്റം സർക്കാരിന് റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ടതായും ഉത്തരവിൽ പറയുന്നു. ജില്ലാതലത്തിൽ വിളിക്കുന്ന യോഗങ്ങളിൽ നിന്ന് പതിവായി വിട്ടു നിൽക്കുന്നതും സസ്പെൻഷനിലേക്ക് നയിച്ച കാരണമാണ്. ജില്ല കലക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അഡീഷണൽ സെക്രട്ടറി രമണി മാത്യുവാണ് പ്രവീണിനെ അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തത്.