ഇടുക്കി: ആർത്തലച്ചു ഒഴുകുന്ന മുതിരപ്പുഴയാറിന് കുറുകെ വെള്ളച്ചാട്ടത്തിന്‍റെ ആകാശ കാഴ്‌ചകൾ കണ്ട് മനം നിറക്കാൻ ഇടുക്കി ശ്രീനാരായണപുരത്ത് സിപ് ലൈന്‍ യാത്രയ്ക്ക് അവസരമൊരുക്കിയിരിക്കുയാണ് ഡിടിപിസി. കുത്തിയൊഴുകുന്ന മുതിരപുഴയാറിന് മുകളിലൂടെ ആകാശക്കാഴ്‌ചകൾ സ്വന്തമാക്കാനെത്തുന്നത് നിരവധി സഞ്ചാരികളാണ്. ശ്രീനാരായണപുരം റിപ്പിള്‍ വെള്ളചാട്ടത്തിന്‍റെ കാഴ്‌ചകള്‍ കൂടുതല്‍ ആസ്വാദ്യകരമാക്കുന്നതിനും സാഹസിക വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനുമായാണ് ഡിടിപിസി സിപ് ലൈന്‍ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
250 മീറ്റര്‍ ദൈര്‍ഘ്യത്തില്‍ സ്ഥാപിച്ചിരിക്കുന്ന സിപ് ലൈനുകളിലൂടെ ഒരേ സമയം രണ്ട് പേര്‍ക്ക് പുഴ മുറിച്ച് കടക്കാം. അഞ്ഞൂറ് കിലോ ഗ്രാം വരെ ഭാരം താങ്ങാനാവുന്ന രണ്ട് റോപ് ലൈനുകളാണ് പുഴയ്ക്ക കുറുകെ സ്ഥാപിച്ചിരിക്കുന്നത്. ശക്തമായ സുരക്ഷ സംവിധാനങ്ങളും ഒരുക്കിയിരിക്കുന്നതിനാല്‍ കുട്ടികള്‍ക്ക് പോലും യാത്ര ആസ്വദിക്കാന്‍ സാധിക്കും. സഞ്ചാരികള്‍ക്ക് ഏറെ പ്രിയങ്കരമാവുകയാണ് മുതിരപുഴയ്ക്ക് കുറുകെയുള്ള സിപ് ലൈന്‍ യാത്ര.