ഇടുക്കി: തൊടുപുഴയില്‍ കഞ്ചാവും എയർ പിസ്റ്റളുമായി യുവാവ് പിടിയില്‍. തൊടുപുഴ വെങ്ങല്ലൂർ സ്വദേശി അജ്‌മല്‍ (25) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് 1.100 കിലോഗ്രാം കഞ്ചാവും വില്‍പനയ്ക്ക് ഉപയോഗിക്കുന്ന സാമഗ്രികളും പൊലീസ് പിടിച്ചെടുത്തു.
മുട്ടം അരുവിക്കുത്ത് വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്നുമാണ് പ്രതിയെ പിടികൂടിയത്. കഞ്ചാവ് വാഹനത്തിലെത്തിച്ച് ചെറിയ പൊതികളാക്കി വിൽപന നടത്തി വരികയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു. അജ്‌മലിനെതിരെ എക്സൈസിലും പൊലീസിലും കഞ്ചാവ് കേസുകൾ നിലവിലുണ്ട്.
ഓണത്തോട് അനുബന്ധിച്ച് ഡിഐജിയുടെ നിർദേശപ്രകാരമുള്ള സ്പെഷൽ ഡ്രൈവിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. അരുവിക്കുത്ത് വെള്ളച്ചാട്ടം പരിസരത്ത് കഞ്ചാവ് മാഫിയ സ്ഥിരം തമ്പടിക്കാറുണ്ടെന്ന് പ്രദേശവാസികള്‍ പരാതിപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഏതാനും നാളുകളായി പ്രദേശം പൊലീസ് നിരീക്ഷണത്തിലായിരുന്നു.
Also read: കുറ്റിപ്പുറത്ത് കാറില്‍ കടത്തിയ 21.5 കിലോ കഞ്ചാവ് പിടികൂടി, മൂന്ന് പേർ പിടിയില്‍