ഇടുക്കി: മൂന്നാര്‍ ഡിപ്പോയില്‍ നിന്നുള്ള കെ എസ് ആര്‍ സി സര്‍വ്വീസുകള്‍ വെട്ടികുറക്കുന്നതായി ആരോപിച്ചും തകര്‍ന്നു കിടക്കുന്ന മൂന്നാറിലെ റോഡുകളുടെ പുനര്‍ നിര്‍മ്മാണം ആവശ്യപ്പെട്ടും യൂത്ത് കോണ്‍ഗ്രസിൻ്റെ നേതൃത്വത്തില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു. കെപിസിസി വൈസ് പ്രസിഡൻ്റ് എ കെ മണി ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. എല്ലാം ശരിയാക്കി തരാമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ സര്‍ക്കാര്‍ ജനങ്ങളെ ദ്രോഹിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് എ കെ മണി പറഞ്ഞു.
മൂന്നാര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് മൂന്ന് ദീര്‍ഘദൂര സര്‍വ്വീസുകളും നാല് ഹ്രസ്വദൂര സര്‍വ്വീസുകളടക്കം ഏഴ് സര്‍വ്വീസുകള്‍ വെട്ടികുറച്ചതായും ഇത് യാത്രക്കാരെ ദുരിതത്തിലാക്കിയെന്നും യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു.
യുഡിഎഫ് സര്‍ക്കാരിൻ്റെ കാലത്ത് വിവിധ ഭാഗങ്ങളിലേക്ക് മൂന്നാര്‍ ഡിപ്പോയില്‍ നിന്നും കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ നീക്കങ്ങള്‍ നടന്നിരുന്നതായും എന്നാല്‍ ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ അത് അട്ടിമറിക്കപ്പെട്ടതായും പ്രതിഷേധക്കാര്‍ ആരോപിച്ചു. മൂന്നാറിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ നടപടിയെടുക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.