ഇടുക്കി:വാഹനാപകടത്തിൽപ്പെട്ടവർ മണിക്കൂറുകളോളം ചോര വാർന്ന് വഴിയിൽക്കിടന്ന് മരിക്കുമ്പോഴും വെറും കാഴ്ച്ചക്കാരായി നിൽക്കുകയും, മൊബൈലിൽ ചിത്രങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്യുന്ന ആളുകളുടെ നാടാണിത്. എന്നാൽ കാറിടിച്ച് അവശനിലയിൽ കിടന്ന തെരുവുനായയ്ക്ക് രക്ഷകനായി മാറിയ കുഞ്ചിത്തണ്ണി സ്വദേശി ഉണ്ണികൃഷ്‌ണൻ ചുറ്റിലുമുള്ള എല്ലാറ്റിനെയും സ്നേഹിക്കാനും സംരക്ഷിക്കാനുമുള്ള ബാധ്യത നമ്മുടേതാണെന്ന് ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുകയായിരുന്നു.
റോഡ് മറികടക്കുന്നതിനിടയിൽ നായയെ അതുവഴി വന്ന കാർ ഇടുച്ചുവീഴ്ത്തി. വാഹനത്തിന്‍റെ മുന്നിലേക്ക് തെറിച്ചുവീണ നായയുടെ ശരീരത്തിൽക്കൂടി ചക്രങ്ങൾ കയറിയിറങ്ങി. അപകടം അറിഞ്ഞിട്ടും കാർ നിർത്താതെ പോവുകയായിരുന്നു. മരണവേദനയിൽ പുളഞ്ഞ നായ് ചോരയൊലിപ്പിച്ചുകൊണ്ട് ഒരുവിധത്തിൽ എഴുന്നേറ്റ് ഓടി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ എതിരെ നിന്നും വന്ന് ഓട്ടോറിക്ഷയിൽ തട്ടി വീണ്ടും വീണു. എന്ത് ചെയ്യണമെന്നറിയാതെ നിരവധിപ്പേർ നോക്കിനിൽക്കെയാണ് ഉണ്ണികൃഷണൻ സ്‌കൂട്ടറിൽ എത്തിയത്. ഒട്ടും മടിക്കാതെ വാഹനം നിർത്തി ഇറങ്ങി ചോരയൊലിപ്പിക്കുന്ന നായയെ വാരിയെടുത്ത് സമീപത്തെ കടത്തിണ്ണയിൽ കിടത്തി. തുണിക്കഷണം കൊണ്ട് ചോര തുടച്ച ശേഷം കുടിയ്ക്കാൻ വെള്ളം നൽകി. തുടർന്ന് സുഹൃത്തിനെ വിളിച്ചുവരുത്തി നായയെ മൃഗാശുപത്രിയിൽ എത്തിച്ചു. പരിശോധിച്ച ഡോക്‌ടർ നായുടെ കാലിനും, കൈക്കുമായി മൂന്ന് ഒടിവുകളുണ്ടെന്ന് കണ്ടെത്തി. വിദഗ്‌ധ ചികിൽസയ്ക്കായി തൊടുപുഴ മൃഗാശുപത്രിയിൽ കൊണ്ടുപോകണമെന്ന് നിർദ്ദേശിക്കുകയും ചെയ്‌തു. നായയെ തൊടുപുഴയ്ക്ക് കൊണ്ടുപ്പോകാനുള്ള ഒരുക്കത്തിലാണ് ഈ ചെറുപ്പക്കാർ.