ഇടുക്കി: ജില്ലയില്‍ നിലനില്‍ക്കുന്ന മണല്‍വാരല്‍ നിരോധനം ഒഴിവാക്കാന്‍ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. മണല്‍വാരല്‍ നിരോധനം ഏര്‍പ്പെടുത്തിയതോടെ ഇടുക്കിയിലെ നൂറ് കണക്കിന് കുടുംബങ്ങളുടെ ഉപജീവനമാര്‍ഗമാണ് ദുരിതത്തിലായത്. ഇടുക്കിയില്‍ മണല്‍വാരല്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ട് അര പതിറ്റാണ്ട് കഴിഞ്ഞു. സര്‍ക്കാര്‍ ലേലത്തില്‍ നല്‍കുന്ന മണല്‍കടവുകളോട് ചേര്‍ന്ന് കിടന്നിരുന്ന കുടുംബങ്ങളും ഇതുമായി ബന്ധപ്പെട്ട് ലഭിച്ചിരുന്ന വരുമാനത്തെ ആശ്രയിച്ചായിരുന്നു മുമ്പോട്ട് പോയിരുന്നത്. മണല്‍വാരല്‍ നിലച്ചതോടെ എല്ലാവരും മറ്റ് തൊഴിലുകളിലേക്ക് തിരിഞ്ഞു. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ നിരോധനം നീക്കുകയും കടവുകള്‍ സര്‍ക്കാര്‍ ലേലത്തില്‍ നല്‍കുകയും വേണമെന്ന് തൊഴിലാളികള്‍ പറയുന്നു.
ജില്ലയില്‍ മണല്‍ ലഭ്യത കുറഞ്ഞതോടെ അയല്‍ജില്ലകളില്‍ നിന്നും വലിയ തുക മുടക്കിയാണ് ഇടുക്കിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മണല്‍ എത്തിക്കുന്നത്. ഇത് നിര്‍മാണ മേഖലയേയും പ്രതികൂലമായി ബാധിക്കുന്നു. അണക്കെട്ടുകളുടെയും പുഴകളുടെയും സംഭരണശേഷി നഷ്ടപ്പെടുന്നതാണ് മറ്റൊരു പ്രധാന വെല്ലുവിളി. പെരിയാര്‍ ഉള്‍പ്പെടെയുള്ള പുഴകളില്‍ മണൽ വന്നടിഞ്ഞ് പുഴ കരയായി മാറിക്കഴിഞ്ഞു. കല്ലാര്‍കുട്ടി അടക്കമുള്ള ചെറിയ അണക്കെട്ടുകളുടെ സംഭരണശേഷിയില്‍ വലിയ കുറവ് സംഭവിച്ചിട്ടുണ്ട്. പ്രളയാനന്തരം ജില്ലയിലെ പുഴകളിലേക്കും അണക്കെട്ടുകളിലേക്കും ഒഴുകിയെത്തിയ മണല്‍ ശേഖരം സര്‍ക്കാരിന് സാമ്പത്തിക ലാഭമാക്കി മാറ്റാവുന്നതാണ്.