ഇടുക്കി: വളയിട്ട കൈകളിൽ വടം ഒതുക്കി കരുത്തോടെ പോരാടി ഇടുക്കിയുടെ വനിതകൾ. സംസ്ഥാന സർക്കാരിന്‍റെ യോദ്ധാവ് പദ്ധതിയുടെ ഭാഗമായി രാജാക്കാട് ജനമൈത്രി പൊലീസിന്‍റെയും പഞ്ചായത്തിന്‍റെയും വിവിധ സംഘടനകളുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് വനിതകളുടെ വടംവലി മത്സരം സംഘടിപ്പിച്ചത്. ലഹരിക്ക് എതിരെ വനിതകളുടെ കരുത്തിന്‍റെ പോരാട്ടം കായിക പ്രേമികൾക്ക് ആവേശമായി മാറി.
രാജാക്കാട് സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വടംവലിയില്‍ ഇത്തവണ കരുത്ത് തെളിയിച്ചത് കുടുംബശ്രീ പ്രവര്‍ത്തകരാണ്. ഒപ്പം വടംവലിയില്‍ എന്നും ഇടുക്കിയുടെ പെണ്‍കരുത്തായി മാറിയ കാന്തിപ്പാറ സെന്‍റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലെ പെണ്‍കുട്ടികൾ കൂടി എത്തിയതോടെ മത്സരം ആവേശത്തിന്‍റെ തിരയിളക്കം തീര്‍ത്തു.
പുരുഷ മേധാവിത്വം കയ്യാളിയിരുന്ന വടംവലി ജില്ലയിൽ പെണ്‍കരുത്തിന്‍റെ ആവേശ കാഴ്‌ചയായി മാറി. വലിക്കിടയില്‍ അടിതെറ്റിയൊന്ന് വീണെങ്കിലും ഇവര്‍ വടം കൈവിട്ടില്ല. വീണിടത്തു നിന്നും എഴുന്നേറ്റ് വീണ്ടും വലിച്ചെടുത്തു. ചിട്ടയായ പരിശീലനം നേടിയെത്തിയ കുട്ടികള്‍ക്ക് മുമ്പില്‍ വിട്ടുകൊടുക്കാന്‍ കുടുംബശ്രീ അംഗങ്ങളും തയ്യാറായില്ല.
അതേസമയം ആത്മവിശ്വാസവും കരുത്തും പകരുന്ന വടംവലിയിലേയ്ക്ക് പെണ്‍കുട്ടികള്‍ കടന്ന് വരണമെന്നാണ് ഒന്നാം സ്ഥാനം വലിച്ചെടുത്ത സെന്‍റ് സെബാസ്റ്റ്യന്‍സ് സ്‌കൂള്‍ ടീമിന് പറയാനുള്ളത്. വടംവലി ജില്ല അസോസിയേഷൻ വനിത ടീമുകൾക്ക് പ്രോത്സാഹനവുമായി രംഗത്ത് ഉണ്ടെന്നും നിരവധി വനിത ടീമുകൾ ഈ രംഗത്തേക്ക് എത്തുന്നുണ്ടെന്നും കായിക അധ്യാപകനായ റ്റിബിനും പറഞ്ഞു.