ഇടുക്കി: ശാന്തൻപാറ തലക്കുളത്ത് കാട്ടാന ആക്രമണത്തിൽ തൊഴിലാളി സ്ത്രീ മരിച്ചു. കോരംപാറ സ്വദേശിനി വിമല ചിരഞ്ചീവിയാണ് മരിച്ചത്. ബുധനാഴ്‌ച ഉച്ചയ്ക്ക് ശേഷം രണ്ട് മണിയോട് കൂടിയായിരുന്നു കാട്ടാന ആക്രമണം ഉണ്ടായത്. മറ്റ് തൊഴിലാളികൾക്കൊപ്പം സ്വന്തം കൃഷിയിടത്തിൽ ജോലികൾ ചെയ്യുന്നതിനിടയിലാണ് കാട്ടാന ആക്രമണം ഉണ്ടായത്.
ഒപ്പം ഉണ്ടായിരുന്ന തൊഴിലാളികൾ ഓടി രക്ഷപ്പെട്ടെങ്കിലും വിമല കാട്ടാനയുടെ മുമ്പിൽ പെടുകയായിരുന്നു. പ്രതികൂല കാലാവസ്ഥയും മൂടൽമഞ്ഞും ഏലച്ചെടികളുടെ മറവും കാരണം കാട്ടാന നിന്നിരുന്നത് തൊഴിലാളികളുടെ ശ്രദ്ധയിൽ പെടാത്തതാണ് അപകടകാരണമെന്നാണ് കരുതുന്നത്.
Also Read: ലയങ്ങളിലെ ദുരിതക്കാഴ്‌ചകള്‍; വണ്ടിപ്പെരിയാര്‍ വിരല്‍ ചൂണ്ടുന്നത്
കാട്ടാന ആക്രമണത്തിൽ വിമല സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഒപ്പം ഉണ്ടായിരുന്ന തൊഴിലാളികൾ വിളിച്ച് അറിയിച്ചതിനെ തുടർന്ന് ശാന്തൻപാറ പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി മേൽനടപടികൾ സ്വികരിച്ചു.
മതികെട്ടാൻ വനമേഖലയോട് ചേർന്ന് കിടക്കുന്ന ഇവിടെ കഴിഞ്ഞ ഒരാഴ്‌ചയായി നാലോളം കാട്ടാനകളുടെ കൂട്ടം നിലയുറപ്പിച്ചിരുന്നു. ശാന്തൻപാറ ഗ്രാമപഞ്ചായത്തിൽ എല്ലാ വർഷവും കാട്ടാന ആക്രമണത്തിൽ നിരവധി ജീവനുകളാണ് പൊലിയുന്നത്.